ടൂര്‍ണമെന്‍റിലെ വമ്പന്മാര്‍ വീഴുമ്പോള്‍ ചിലപ്പോള്‍ ബ്രസീലും വീണേക്കാമെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ താരം കസെമെറോ

മോസ്കോ: ടൂര്‍ണമെന്‍റിലെ വമ്പന്മാര്‍ വീഴുമ്പോള്‍ ചിലപ്പോള്‍ ബ്രസീലും വീണേക്കാമെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ താരം കസെമെറോ. ബ്രസീലിന്‍റെ മിഡ്ഫീല്‍ഡ് താരം ഒരു അന്താരാഷ്ട്ര മാധ്യമത്തില്‍ എഴുതിയത് ഇങ്ങനെ, വമ്പന്‍മാരുടെ ജേഴ്‌സിയണിഞ്ഞുവെന്ന് കരുതി കാര്യമില്ല. ജര്‍മനി തന്നെ ഉദാഹരണം. ലോകകപ്പുയര്‍ത്തുമെന്ന് കരുതപ്പെട്ട ടീമുകളില്‍ ഒന്നായിരുന്നു ജര്‍മനി. എന്നാല്‍ ആദ്യറൗണ്ടില്‍ തന്നെ അവര്‍ പുറത്തായി. ഒരു രാജ്യത്തിന്റെ കുപ്പായമണിഞ്ഞതുകൊണ്ടു മാത്രം ജയം നമ്മള്‍ക്കൊപ്പം ആകണമെന്നില്ല കസെമെറൊ പറഞ്ഞു.

ഞങ്ങളുടെ ടീമില്‍ ഉള്ളവരെല്ലാം ലോകോത്തര താരങ്ങളാണ്. അവര്‍ കളിക്കുന്ന ക്ലബ്ബുകളും ഒന്നാം നിര ക്ലബ്ബുകളാണ്. ഞങ്ങള്‍ എതിരാളികളെ ബഹുമാനിക്കുന്നവരാണ്. അഹങ്കരിക്കാറില്ല. മെക്‌സിക്കോയുടെ മികച്ച ടീമിനോടാണ് ഞങ്ങള്‍ ഏറ്റുമുട്ടുന്നതെന്ന ബോധ്യമുണ്ട് കസെമെറോ വ്യക്തമാക്കി. കൂടാതെ താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് എന്നും കസെമെറോ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി റയലുയര്‍ത്തിയപ്പോള്‍ അതില്‍ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. അതൊരു സ്വപ്‌നമായിരുന്നു. അതുപോലൊരു സ്വപ്‌നമായിരുന്നു ലോകകപ്പില്‍ ബ്രസീലിനായി ബൂട്ട് കെട്ടുക എന്നതും. ഇപ്പോള്‍ അതും സാധ്യമായി. ഞാനേറെ സന്തോഷവാനാണ് ബ്രസീല്‍ താരം പറയുന്നു.

നാളെ സമാറയില്‍ മെക്സിക്കോയ്ക്കെതിരെ ഇറങ്ങുകയാണ് കാനറികള്‍. മേല്‍ക്കൈ ബ്രസീലിനു തന്നെയാണ്. എങ്കിലും ഒരട്ടിമറി അസാധ്യമല്ല മെക്സിക്കോയ്ക്ക്. റഷ്യയ്ക്കു മുമ്പ് നടന്ന 15 ടൂര്‍ണമെന്റുകളില്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളോട് ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ജയം മെക്‌സിക്കോയ്‌ക്കൊപ്പമെത്തിയുള്ളു.