കാസെമിറോയ്ക്ക് ബെൽജിയത്തിനെതിരായ അടുത്ത മത്സരത്തിൽ കളിക്കാനാകില്ല

മോസ്ക്കോ:16 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടം ഉയര്‍ത്താനായി റഷ്യന്‍ മണ്ണിലെത്തി ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ച ബ്രസീലിയന്‍ പടയ്ക്ക് കനത്ത തിരിച്ചടി. മധ്യനിരയില്‍ ബ്രസീലിന്‍റെ കളി മെനയുന്നതില്‍ നിര്‍ണായകമായിരുന്ന കാസെമിറോയ്ക്ക് ബെൽജിയത്തിനെതിരായ അടുത്ത മത്സരത്തിൽ കളിക്കാനാകില്ല. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ മഞ്ഞ കാർഡ് ലഭിച്ചതോടെയാണ് ഒരു കളിയിൽ വിലക്ക് വന്നത്.

മെക്സിക്കോയുടെ മുന്നേറ്റങ്ങളിൽ പലതും മധ്യനിരയിൽ തടയുന്നതിൽ പൗളീഞ്ഞോയ്ക്കൊപ്പം കാസെമിറോയും നിർണായക പങ്കു വഹിച്ചിരുന്നു. ഫെർണാണ്ടീഞ്ഞോ അടുത്ത കളിയിൽ കാസിമിറോയ്ക്ക് പകരം ഇറങ്ങിയേക്കും. അതേസമയം പരിക്കേറ്റ മാഴ്സലോ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനെത്തുമെന്നാണ് വ്യക്തമാകുന്നത്. മാഴ്സലോയുടെ സാന്നിധ്യം ബ്രസീലിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.