അസാധുവാക്കിയ നോട്ടുകൾക്ക് പകരം അത്രയും നോട്ടുകൾ അച്ചടിക്കാനുള്ള നടപടിക്ക് ആറു മാസമെങ്കിലും വേണ്ടി വരുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി നടത്തിയത്. അതീവ സുരക്ഷാ പ്രത്യേകതകളുള്ള നോട്ടുകളാണ് അച്ചടിക്കുന്നതെന്നും ഇതിന് സമയം എടുക്കുമെന്നും ഒരു ചടങ്ങിൽ പങ്കെടുത്തു കൊണ്ട് അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. 

ക്യൂവിൽ നില്‍ക്കേണ്ടി വന്നെങ്കിലും സർക്കാരുമായി സഹകരിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ ജയ്റ്റ്ലി ഈ നടപടി ദീർഘകാല നേട്ടങ്ങൾക്ക് സഹായിക്കുമെന്ന് വ്യക്തമാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളിൽ വീഴരുതെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നല്‍കി. 

ഔദ്യോഗിക ഇമെയിൽ വഴി അയയ്ക്കുന്ന നിർദ്ദേശങ്ങളെ പരിഗണിക്കാവൂ എന്നാണ് നിർദ്ദേശം. ഇതാദ്യമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായയുടെ തടവറയിലാണെന്ന് ആരോപിച്ചു. പ്രധാനമന്ത്രിയുടെ ദുരഭിമാനവും കഴിവില്ലായ്മയും രാജ്യത്തിന് കനത്ത ആഘാതം എല്പിച്ചെന്നും 85 സൈനികർ കശ്മീരിൽ മരിച്ചു വീണിട്ടും മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 

ലോക്സഭയിൽ വോട്ടിംഗും രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ ഖേദപ്രകടനവും വേണം നിലപാടിൽ ഉറച്ചു നിന്ന പ്രതിപക്ഷം ഇരുസഭകളിലും നടപടികൾ തടസ്സപ്പെടുത്തി. ലോക്സഭ പാസ്സാക്കിയ ആദായനികുതി രണ്ടാം ഭേദഗതി ബിൽ ഇന്നും രാജ്യസഭയിൽ കൊണ്ടു വന്നില്ല. സർക്കാർ ഇതിനായി ഓർഡിനൻസിന്റെ വഴി സ്വീകരിക്കും എന്ന അഭ്യൂഹം ശക്തമായി.