ഹൈദരാബാദ്: കൊട്ടിഘോഷിക്കപ്പെട്ട തെലുങ്കാനയിലെ 380 പണരഹിത ഗ്രാമങ്ങളില്‍ 250 എണ്ണവും കറന്‍സി ഉപയോഗത്തിലേക്ക് മടങ്ങി. നോട്ട് നിരോധനത്തിന് ശേഷം പൂര്‍ണ്ണമായും പണരഹിതമായ ഗ്രാമങ്ങളാണിത്. എന്നാല്‍ വെറും 10 മാസത്തിനുള്ളില്‍ ഗ്രാമം നോട്ട് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. വേഗതയില്ലാത്ത ഇന്‍റര്‍നെറ്റ് സൗകര്യവും ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം വേഗത്തില്‍ ലഭ്യമാകുന്നതും ആണ് പണം ഉപയോഗിക്കാനുള്ള കാരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ ആദ്യ പണരഹിത സംസ്ഥാനം എന്ന ഖ്യാതിക്കായി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി കെ. ചന്ത്രശേഖരന്‍ 2016 ല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി ബോധവല്‍ക്കരണ പരിപാടികളും സേവനത്തിന് പണം ഈടാക്കാത്ത ടിഎസ് വാലറ്റുകളും, മൊബൈല്‍ ആപ്ലിക്കേഷനുകളും രംഗത്ത് ഇറക്കിയിരുന്നു. എന്നാല്‍ ഗ്രാമങ്ങളിലെ കടകളില്‍ സ്ഥാപിച്ച പിഒഎസ് മെഷീനുകള്‍ ഇപ്പോള്‍ ആരും ഉപയോഗിക്കാറില്ല.

പണ ഇടപാടുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് സൗകര്യം നിന്നു പോകുന്നതിനാല്‍ പണം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് കച്ചവടക്കാര്‍. എന്നാല്‍ മിഷന്‍ ഭഗീരഥ എന്ന പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോട് കൂടി ഇന്‍റര്‍നെറ്റിന്‍റെ വേഗതയില്ലായ്മക്ക് പരിഹാരമാകും എന്നാണ് ഐ ടി മന്ത്രി കെ. ടി രാമ റാവോ പറയുന്നത്.