Asianet News MalayalamAsianet News Malayalam

കുഞ്ഞിന്‍റെ ചോറൂണിന് ശേഷം ശുദ്ധികർമം ചെയ്യിച്ചു; പരാതി നൽകി പട്ടികവർഗ്ഗ കുടുംബം

ചോറൂണിന് ശേഷം ചടങ്ങ് നടന്ന സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് ആരോപണം. 

cast-discrimination-in-Kasargod- temple-st-family-file-compliant-to-police
Author
Kerala, First Published Dec 18, 2018, 9:20 AM IST

കാസര്‍കോട്: ക്ഷേത്രത്തില്‍വച്ച് ചോറൂണിന് പിന്നാലെ പട്ടികവര്‍ഗ വിഭാഗക്കാരായ മാതാപിതാക്കളെക്കൊണ്ട് ക്ഷേത്രഭാരവാഹികള്‍ ശുദ്ധികര്‍മ്മം ചെയ്യിച്ചു.കാസർകോ‍ട് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ദമ്പതികള്‍. ചോറൂണിന് ശേഷം ക്ഷേത്രത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചതായാണ് ആരോപണം. പട്ടികവര്‍ഗ്ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മൂന്നാട് ചുള്ളിവീട്ടില്‍ കെ പ്രസാദാണ് പരാതി നൽകിയത്.

കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു സംഭവം നടന്നത്. മകള്‍ നൈദികയുടെ ചോറൂണ്‍ ചടങ്ങിനായി പെരിയ കൂടാനം സ്വദേശിയായ പ്രസാദ് ,ഭാര്യ കുമാരി, ഇളയമ്മ കാര്‍ത്ത്യായനി, മക്കളായ സജിത, സരിത എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയത്. എന്നാൽ ചോറൂണിന് ശേഷം ചടങ്ങ് നടന്ന സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് ആരോപണം. 

നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു മറുപടി. സാധാരണകാര്യമാണ് എന്നു കരുതി ചെയ്തു. ജാതീയ വിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും പ്രസാദ് പരാതിയിൽ പറയുന്നു. ക്ഷേത്രത്തിൽ ജാതി വിവേചനം കാണിക്കുകയും, അനാചാരം നടപ്പാക്കാന്‍ നിർബന്ധിക്കുകയും ചെയ്ത ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണമെന്നുമാണ് പ്രസാദിന്‍റെ പരാതിയിലെ ആവശ്യം

എന്നാല്‍, ബലിക്കല്ലിന് മുന്നിലാണ് ചോറൂണ് നടക്കാറില്ല എന്നതിനാല്‍ അവിടെ അവശിഷ്ടം നീക്കാനും ആചാരം എന്ന നിലയ്ക്ക് ചാണകവെള്ളം തളിക്കണമെന്നും ആവശ്യപ്പെടുന്നത് പതിവാണ് എന്നാണ് ക്ഷേത്രത്തിന്‍റെ നിലപാട്. ഇത് എല്ലാവിഭാഗക്കാരോടും ആവശ്യപ്പെടുന്നത് പതിവാണെന്നും ഭാരവാഹികള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios