'കോടിയേരി ബാലകൃഷ്ണൻ നമ്പ്യാരെ' ഉപയോഗിച്ച് സിപിഎം എൻഎസ്എസിനെ മോശമാക്കുകയാണെന്ന് ഉണ്ണിത്താൻ. ജാതി പറയേണ്ടിവരുന്നത് കോൺഗ്രസിന്‍റെ ജീർണ്ണതയാണെന്ന് എം വി ഗോവിന്ദൻ.

തിരുവനന്തപുരം: എൻഎസ്എസിനെ വെടക്കാക്കി തനിക്കാക്കാമെന്ന് 'കോടിയേരി ബാലകൃഷ്ണൻ നമ്പ്യാർ' കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ന്യൂസ് അവർ ചർച്ചക്കിടെ ആയിരുന്നു ഉണ്ണിത്താന്‍റെ പരാമർശം. എൻഎസ്എസിനെ സിപിഎം എതിർക്കുന്നത് 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന നിലയിലാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

എൻഎസ്എസിനെ പ്രീണിപ്പിക്കാൻ സിപിഎം പരമാവധി ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. അപ്പോൾ 'കോടിയേരി ബാലകൃഷ്ണൻ നമ്പ്യാരെ' ഉപയോഗിച്ച് എൻഎസ്എസിനെ സിപിഎം മോശമാക്കുകയാണ്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിൽ പങ്കാളികളായ എൻഎസ്എസ് തന്നെയാണ് ഇഎംഎസ് സർക്കാരിനെതിരായ വിമോചന സമരത്തിന് നേതൃത്വം കൊടുത്തതെന്ന് മറക്കരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.

ബിഡിജെഎസിന്‍റെ കൊടി എടുത്തുകൊടുത്തത് വെള്ളാപ്പള്ളി നടേശനായിരുന്നു. പിന്നീട് വെള്ളാപ്പള്ളി നടേശൻ കേരളം മുഴുവൻ ഹെലികോപ്റ്ററിൽ പറന്നുനടന്ന് ബിജെപിക്ക് വോട്ടുപിടിച്ചു. എന്നിട്ടും എൻഎസ്എസിനെ ആക്രമിച്ച വീറും വാശിയും വെള്ളാപ്പള്ളിയെ ആക്രമിക്കാൻ സിപിഎമ്മിന് ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും ഉണ്ണിത്താൻ ചോദിച്ചു.

ജാതിയും മതവും അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ നേതാക്കളേയും വേർതിരിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസിന്‍റെ ഉന്നത നേതാവ് എത്തിച്ചേർന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദൻ തിരിച്ചടിച്ചു. മത വർഗ്ഗീയതയെ ശക്തമായി എതിർക്കുന്നതാണ് നവോത്ഥാനത്തിന്‍റെ ചുമതല. അതിനെതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ജാതി പറയേണ്ടിവരുന്നത് കോൺഗ്രസിന്‍റെ ജീർണ്ണതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താന്‍റെ ജാതി പരാമർശത്തിന്‍റെ മുന എല്ലാവർക്കും അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 'മനസിലാകുന്നവർക്ക് മനസിലായിക്കോട്ടെ' എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ മറുപടി. താൻ ഉദ്ദേശിച്ചത് എം വി ഗോവിന്ദൻ ഉദ്ദേശിച്ചതുപോലെ അല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

സമുദായ സംഘടനകൾ പാർട്ടിക്കെതിരായി വരുമ്പോൾ പാർട്ടിക്ക് സമുദായ സംഘടനകളുടെ നിലപാടുകളെ തുറന്നു കാട്ടേണ്ടിവരുമെന്ന് എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. പാർട്ടിക്കെതിരായ നിലപാട് തുറന്നുകാട്ടി വിശദീകരിച്ച് വിമർശിക്കും. അപ്പോൾ അപ്പുറത്ത് സമുദായ സംഘടനകളാണോ അല്ലയോ എന്ന് നോക്കില്ല. ഇങ്ങോട്ട് പറയുന്നതിനപ്പുറം ചിലപ്പോൾ അങ്ങോട്ട് പറയേണ്ടിവരുമെന്നും നിലപാടുകളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ എല്ലാവരുടേയും ജാതി എല്ലാവർക്കും അറിയാമെന്നും ഉണ്ണിത്താന്‍റേത് ജാതി മുന വച്ച പരാമർശം ആണെന്നുമായിരുന്നു ചർച്ചയിൽ പങ്കെടുത്ത എംഇഎസ് ചെയർമാൻ ഫസൽ ഗഫൂറിന്‍റെ പ്രതികരണം. ഈ തരം നിലപാടിനെതിരെ ഇതിനേക്കാൾ മൂർച്ചയുള്ള ശബ്ദത്തിൽ സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ഫസൽ ഗഫൂർ ചോദിച്ചു.