എയര്‍ കണ്ടീഷന്‍ ചെയ്ത 46 മുറികള്‍. ഒരു രാത്രി തങ്ങാന്‍ 65 റിയാല്‍ മുതല്‍ 200 റിയാല്‍ വരെയാണ് വാടക. പോഷക സമ്പുഷ്‌ടമായ ആഹാരവും ചികിത്സയും മറ്റു പരിചരണങ്ങളുമെല്ലാം തികച്ചും സൗജന്യമാണ്. അതിഥികളുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കാനും ആവശ്യമായ ചികിത്സ നല്‍കാനും ഒരു ഡോക്ടറുടെ മുഴുസമയ സേവനവും ഈ ഹോട്ടലില്‍ ലഭ്യമാണ്. വരുന്ന അതിഥിയുടെ നിലവാരമനുസരിച്ച് വ്യത്യസ്ത നിരക്കുകളിലുള്ള മുറികള്‍ തെരഞ്ഞെടുക്കാം. ഈ സൗകര്യങ്ങളെല്ലാമുള്ള ഹോട്ടലിലെ താമസക്കാര്‍ പക്ഷെ വീടുകളില്‍ ഓമനിച്ചു വളര്‍ത്തുന്ന പൂച്ചകളാണെന്നു മാത്രം. മൃഗ സ്നേഹികളായ മാര്‍ഗരറ്റും മകള്‍ ആശ അല്‍ ഹുമൈദിയും ചേര്‍ന്നാണ് രണ്ടു വര്‍ഷം മുമ്പ് പൂച്ചകള്‍ക്ക് മാത്രമായി ഈ ഹോട്ടല്‍ തുടങ്ങിയത്. വളര്‍ത്തു പൂച്ചകളെ മക്കളെപ്പോലെ സ്നേഹിക്കുന്നവര്‍ക്ക് അവധിക്കാലത്തോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി പുറത്തേക്ക് പോകേണ്ടി വരുമ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ പെറ്റ് ടാക്‌സി നിങ്ങളുടെ വീട്ടിലെത്തി അതിഥിയെ സ്വീകരിക്കും.
രാവിലെ ആറു മുതല്‍ രാതി ലൈറ്റണക്കുന്നതു വരെ സംഗീതം അതിഥികള്‍ക്ക് ആസ്വദിക്കാനും സംവിധാനമുണ്ട്. നിലവില്‍ എഴുപത് വളര്‍ത്തു പൂച്ചകള്‍ക്കു താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വി.ഐ.പികള്‍ക്കുള്ള സൂപ്പര്‍ ലക്ഷ്വറി മുറികളും ഒരേ കുടുംബത്തില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് താമസിക്കാന്‍ ത്രീ ബെഡ് -ഫോര്‍ ബെഡ് മുറികളുമെല്ലാം സജ്ജം. മൃദുവായ കിടക്കകളും കളിപ്പാട്ടങ്ങളും ഇണചേരാനുള്ള സൗകര്യവുമെല്ലാം മുറികളില്‍ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം കണ്ടു പൂച്ചയായി ജനിച്ചാല്‍ മതിയായിരുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അവരെ കുറ്റം പറയാനാവില്ല.
