സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയുടെ ഭരണം സ്പെയിൻ ഏറ്റെടുത്തു. കാറ്റലോണിയയിൽ നേരിട്ടു ഭരണം നടത്താൻ പ്രധാനമന്ത്രി മരിയാനോ രജോയിയെ ചുമതലപ്പെടുത്തിക്കൊണ്ടു സ്പെയിൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് തീരുമാനമെടുത്തു. ഡിസംബർ 21 കാറ്റലോണിയയിൽ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. സ്പെയിനിലെ ഭരണഘടനാകോടതി കാറ്റലോണിയയുടെ തീരുമാനത്തെ നിയമ വിരുദ്ധമാക്കി പ്രഖ്യാപിച്ചേക്കും.
കോടതി കാറ്റലോണിയയുടെ തീരുമാനം പരിശോധിച്ചു വരികയാണ്. രണ്ട് കാറ്റലോണിയൻ സ്വാതന്ത്ര്യ സമര നേതാക്കളെയും കാറ്റലോണിയൻ പൊലീസ് മേധാവിയേയും ഭരണഘടനാ കോടതി ജഡ്ജി ചോദ്യം ചെയ്തു. കാറ്റലോണിയയെ സ്വതന്ത്രരാജ്യമായി അംഗീകരിക്കില്ലെന്നു യുഎസ്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അറിയിച്ചു. അതേസമയം കാറ്റലോണിയയിൽ എങ്ങനെ ഭരണം നടത്തുമെന്ന ആശങ്ക സ്പെയിൻ ഭരണകൂടത്തിനുണ്ട്. ജനങ്ങൾ നിസ്സഹകരണം തുടർന്നാൽ സുരക്ഷാ സേനയും ജനങ്ങളുമായുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങും.
40 വർഷം മുമ്പ് ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന്റെ തകർച്ചക്ക് ശേഷം സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാറ്റലോണിയൻ പ്രതിസന്ധി.
