കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത ഫാദര്‍ റോബിൻ വടക്കുംചേരിയെ പള്ളിയില്‍ എത്തിച്ച് തെളിവെടുത്തു. പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കുറ്റകൃത്യം മറയ്ക്കുവാനുള്ള ഗൂഢാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും, അതിനാല്‍ കൂടുതല്‍പ്പേര്‍ ഇനി കേസില്‍ പ്രതിയാകും എന്നാണ് പോലീസ് പറയുന്നത്. പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും. കുട്ടിയെ സംരക്ഷിക്കേണ്ട സ്ഥാനത്ത് നിന്നാണ് പള്ളിമേടയില്‍ വച്ച് വൈദികനായ റോബിന്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്.

 കുട്ടി പഠിക്കുന്ന സ്കൂളിലെ മനേജറാണ് റോബിന്‍. പീഢനത്തിന് ശേഷവും പെണ്‍കുട്ടി 10 മാസത്തോളം ഈ സ്കൂളില്‍ തന്നെ പഠിച്ചു. ഇരട്ടിയിലെ സഭയുടെ തന്നെ കീഴിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി 20 ദിവസം മുന്‍പ് പ്രസവിച്ചത് എന്നതില്‍ തന്നെ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നു. ലക്ഷങ്ങള്‍ കൊടുത്ത് കേസ് ഒതുക്കാനും അതിനിടയില്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം പ്രസവത്തിന് ശേഷം ശിശുവിനെ വൈത്തിരിയിലെ സഭയുടെ കീഴിലുള്ള അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു.

കേസ് ആദ്യഘട്ടത്തില്‍ പുറത്തുവന്നപ്പോള്‍ സ്വന്തം പിതാവാണ് തന്നെ പീഢിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതിന് പെണ്‍കുട്ടിയെ പ്രാപ്തയാക്കിയ രീതിയില്‍ വൈദികനോ ഗൂഢാലോചന നടത്തിയവരോ ഇടപെട്ടു എന്നാണ് തെളിയിക്കുന്നത് എന്ന് പോലീസ് പറയുന്നു. അതിനാല്‍ തന്നെ സംഭവം ഒളിച്ചുവയ്ക്കാനുള്ള കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതിന് പുറമേ കൂടുതല്‍ പെണ്‍കുട്ടികള്‍ വൈദികന്‍റെ ഇരായായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

സഭക്കുള്ളിലും പുറത്തും ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാൾക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീർക്കാൻ ഇടപെടലുകൾ നടന്ന സംഭവം അജ്ഞാത ഫോണ്‍ കോളിലൂടെയാണ് പുറത്ത് വന്നത്. പിന്നീടാണ് ചൈൽഡ് ലൈനും പൊലീസും ഇടപെട്ടത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെയും സഭയ്ക്കുള്ളിൽ അച്ചടക്ക നടപടി ഇയാൾ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവിൽ പോയ വികാരിയെ മാനന്തവാടി രൂപതി വൈദിക വൃത്തിയില്‍ നീക്കിയിട്ടുണ്ട്.