അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി, രാവിലെ വിവാഹിതനായി മടങ്ങി
വളരെ കഷ്ടപ്പെട്ടാണ് വിശാല് അര്ധരാത്രിയോടെ തന്റെ കാമുകിയായ ലക്ഷ്മിന കുമാരിയെ കാണാന് അവളുടെ വീട്ടിലെത്തിയത്. ആരും കാണാതെ കഷ്ടപ്പെട്ട് വീട്ടിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടിയില് നാട്ടുകാരെല്ലാം കൂടി വിശാലിനെ പിടികൂടി. കള്ളനാണെന്ന് കരുതിയായിരുന്നു 25കാരനായ വിശാല് സിങ്ങിനെ നാട്ടുകാര് പിടികൂടിയത്.
തുടര്ന്ന് മര്ദ്ദനം ആരംഭിച്ചതോടെ വിശാല് വീട്ടിലെ ലക്ഷ്മിനയെന്ന പെണ്കുട്ടിയുമായി പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ചു. നാട്ടുകാര് ചേര്ന്ന് യുവതിയോടും കാര്യം തിരക്കി ഉറപ്പിച്ച ശേഷം വിശാലിനെ ഒരു മുറിയില് പൂട്ടിയിട്ടു. തുടര്ന്ന് രാത്രി തന്നെ വിശാലിന്റെ ബന്ധുക്കളെ വിളിച്ചു. ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളിയതോടെ പിറ്റേദിവസം രാവിലെ ഇരുവരുടെ വിവാഹം നടത്തി. നൂറുകണക്കിന് പേര് വിവാഹത്തില് പങ്കെടുക്കുകയും ചെയ്തു.
ബിഹാറിലെ റോഹ്താസ് ജില്ലയിലെ സംഭവം ഹിന്ദുസ്ഥാന് ടൈംസാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് വര്ഷങ്ങള്ക്ക് മുമ്പ് ബന്ധുവിന്റെ വിവാഹത്തിനിടെയാണ് വിശാല് ല്കഷ്മിന കുമാരിയെ കാണുന്നതും പരിചയപ്പെടുന്നതും. തുടര്ന്ന് സൗഹൃദം വളര്ന്ന് പ്രണയമായി. ആര്മിയില് ക്ലാര്ക്കായ വിശാല് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
ലക്ഷ്മിന മുറിയില് തനിച്ചാണെന്നറിഞ്ഞതോടെ അവളെ കാണാനായി എത്തിയതായിരുന്നു വിശാല്. വീട്ടിലെ ഒരാള് വിശാലിനെ കണ്ടതോടെ കഥ മാറുകയായിരുന്നു. കള്ളന് എന്ന് വിളിച്ചു കൂവിയതോടെ നാട്ടുകാര് ഓടിക്കൂടി വിശാലിനെ പിടികൂടുകയായിരുന്നു. ഇരുവരും പ്രായപൂര്ത്തിയായവരാണ്. ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം കൂടി മൂളിയതോടെ ഞങ്ങള്ക്കവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീധനം വാങ്ങിക്കാതെയുള്ള കല്ല്യാണമാണ് നടന്നതെന്നും വിശാലിന്റെ തെരഞ്ഞെടുപ്പില് കുടുംബാംഗങ്ങളെല്ലാം സന്തോഷവാന്മാരാണെന്നും വിശാലിന്റെ മുത്തശ്ശന് പാഞ്ചു പറഞ്ഞു.
