കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കിടെ പൊലീസ് മേധാവിയോട് പൊട്ടിത്തെറിച്ച് മമത VIDEO

ബെംഗളൂരു: ജെഡിഎസ് നേതാവ് എഡി കുമാരസ്വാമിയുടെ സത്യപ്രതിജ്‍ഞാ ചടങ്ങിനിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കര്‍ണാടക പൊലീസ് മേധാവി നീലമണി രാജുവിനോട് കയര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി. കയര്‍ത്തതിന്റെ കാരണമാണ് ഇപ്പോള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരിക്കുന്നത്. 

മമത സഞ്ചരിച്ച വാഹനം വേദിക്കരികിലേക്കെത്താന്‍ സാധിക്കാത്തതാണ് മമതയെ പ്രകോപിപ്പിച്ചത്. പൊലീസ് വീഴ്ചയാണ് കൃത്യതയില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതെന്ന് മമത പൊലീസ് മേധാവിയോട് പറഞ്ഞു. ചടങ്ങ് നടന്ന വേദിയിലേക്ക് മമത കുറച്ചു ദൂരം കാല്‍ നടയായിട്ടായിരുന്നു എത്തിയത്. 

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനാല്‍ കാര്‍ വേദിക്കരികിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബെംഗളൂരുവിലെ പതിവ് ട്രാഫിക്ക് തടസത്തോടൊപ്പം സത്യപ്രതിജ്ഞയും നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടത്. ചടങ്ങിനെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നേതാക്കളും ഏറെ ദൂരം നടന്നായിരുന്നു വേദിയിലേക്കെത്തിയത്.

കഴി‍ഞ്ഞ ദിവസം കര്‍ണാടകയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് അക്ഷാര്‍ഥത്തില്‍വിശാലസഖ്യ കൂട്ടായ്മയായിരുന്നു. ബിജെപിക്കെതിരായ സഖ്യത്തില്‍ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെത്തി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മമത ബാനര്‍ജി, പിണറായി വിജയന്‍, ബിഎസ്പിക്കായി മായാവതി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി ബിജെപിക്കെതിരായി നിലപാടെടുത്ത പാര്‍ട്ടികളുടെയെല്ലാം സംഗമമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.