കൊച്ചി: മരണം സംഭവിച്ച് ഒരുകൊല്ലമെത്തിയിട്ടും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ് കലാഭവന്‍ മണിയുടെ കേസ്. കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്ന് സ്ഥിരീകരിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. സിബിഐയ്ക്ക് വിട്ടെങ്കിലും കേസ് അവരും ഏറ്റെടുത്തിട്ടില്ല

കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ പാടിയില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെത്തിച്ചതിന്‍റെ തൊട്ടടുത്ത ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി, മാര്‍ച്ച് ആറിന്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. വെളിപ്പെടുത്തലിന് പിന്നാലെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്‍പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

മണിയുടെ മാനെജര്‍ ജോബി, സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍, പീറ്റര്‍ എന്നിവരെയും പാഡിയിലെ ആഘോഷരാവില്‍ പങ്കെടുത്തവരെയും നിരവധി തവണ ചോദ്യം ചെയ്തു. നുണപരിശോധനയും നടത്തി. കൊലപാതക സൂചനകളുള്ള മൊഴികള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനിടെയായിരുന്നു കാക്കനാട് ഫോറന്‍സിക് ലാബില്‍ നിന്നും മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്. ശരീരത്തില്‍ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം. ഒപ്പം വ്യാജമദ്യത്തില്‍ കാണുന്ന മെഥനോളും.

വിശദപരിശോധനകള്‍ക്കായി വീണ്ടും ആന്തരീകാവയവങ്ങള്‍ ഹൈദ്രബാദിലെ കേന്ദ്രലാബിലേക്ക് അയച്ചു. ഫലം വന്നപ്പോള്‍ ക്ലോര്‍ പൈറിഫോസില്ല. അന്വേഷണ സംഘത്തെ സഹായിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചു. ക്ലോര്‍ പൈറിഫോസിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ അവര്‍ക്കുമായില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെ വെളിച്ചത്തില്‍ ഉത്തരം കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്‍റെ ഉത്തരവാദിത്തമാണെന്നാണ് ഫോറന്‍സിക് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അന്വേഷണം വഴിമുട്ടിയ ഘട്ടത്തില്‍ പൊലീസ് കൈമലര്‍ത്തി. അന്വേഷണം അവസാനിപ്പിച്ചു. സിബിഐയെ ഏല്‍പ്പിക്കുന്ന ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാരും തടിയൂരി. സിബിഐ കേസ് ഏറ്റെടുത്തിട്ടുമില്ല.