ദില്ലി: കാവേരി നദി ജല ത‍ർക്കവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കർണാടകത്തോടും തമിഴ്നാടിനോടും നിർദ്ദേശിച്ചു.കാവേരി നദീ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാൻ കർണാടകത്തിനും തമിഴ്നാടിനും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അക്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികൾ ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി നി‍ർദ്ദേശിച്ചു. ഇതിനിടെ

അതിനിടെ 19ന് ചേരുന്ന കാവേരി നദി മേൽനോട്ട സമിതിയിൽ അവതരിപ്പിക്കേണ്ട വാദങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയിൽ നിയമവിദഗ്ദരുടെ യോഗം ബംഗളുരുവിൽ ചേർന്നു. അതേസമയം, തമിഴ്നാടുമായി കാവേരി ജലം പങ്കുവെക്കുന്നതിൽ പ്രതിഷേധിച്ച് തീവണ്ടികൾ തടയാൻ ബംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ കന്നട സംഘടന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസ് സർവ്വീസുകൾ വൈകുന്നേരത്തോടെ സർവ്വീസ് പുനരാരംഭിച്ചു.

എന്നാല്‍ എസി ബസ് സ‍ർവ്വീസും ഓൺലൈൻ റിസർവേഷനും സ്ഥിതി നിരീക്ഷിച്ചതിന് ശേഷം മാത്രമെ പുനരാരംഭിക്കുവെന്നും കെഎസ്ആ‍ർടിസി അറിയിച്ചു. കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടേയും കർണാടകത്തിന്റേയും നിലപാടുകൾ പ്രതിഷേധിച്ച് വിവിധ വ്യാപര സംഘടനകളും കർഷക സംഘടനകളും കർഷക സംഘടനകളും സംയുക്തമായി നാളെ ബന്ദ് നടത്തും.

സംഘർഷത്തിനിടെ ബംഗളുരുവിൽ ലോറികൾ കത്തിച്ചതിൽ പ്രതിഷേധിച്ച് ലോറി സംഘടനകളും ബന്ദിൽ പങ്കെടുക്കുന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് നീക്കം പൂർണമായും സ്തംഭിച്ചേക്കും.. ബന്ദ് നടക്കുന്ന പശ്ചാത്തലത്തിൽ കന്നഡിഗ‍ർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു.