കാവേരി നദിയിൽ നിന്ന് തമിഴ്നാട്ടിന് പ്രതിദിനം 15,000 ഘന അടി വെള്ളം വിട്ടുകൊടുക്കാനാണ് സെപ്റ്റംബർ 5ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ കര്‍ണാടക സര്‍ക്കാർ പുതിയ അപേക്ഷ വീണ്ടും സുപ്രീംകോടതിയിൽ എത്തി. 

അവധിദിനമായിരുന്നിട്ടും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാർ പ്രത്യേക സിറ്റിംഗിലൂടെയാണ് കര്‍ണാടകത്തിന്‍റെ അപേക്ഷ പരിഗണിച്ചത്. സെപ്റ്റംബർ 5 ലെ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി ഉത്തരവ് അംഗീകരിക്കാനും നടപ്പാക്കാനും ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. 

ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. പിന്നീട് കാവേരിയിൽ നിന്ന് സെപ്റ്റംബർ 20വരെ വിട്ടുകൊടുക്കേണ്ട വെള്ളത്തിന്‍റെ അളവ് 15,000 ഘടന അടി എന്നത് 12,000 ഘന അടിയാക്കി കുറച്ചു. കോടതി ഉത്തരവ് കര്‍ണാടക സർക്കാരിന് തൽക്കാലത്തേക്ക് ആശ്വാസമായി. 

ഇതിനിടെ ചെന്നൈയിലെ ഉടുപ്പി ഹോട്ടലിന് നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായി. കര്‍ണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ്സ് സര്‍വ്വീസുകളും തടസ്സപ്പെട്ടു. തമിഴ്നാടിൽ കഴിയുന്ന കര്‍ണാടകക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു.