കോട്ടയം: കന്യാസ്ത്രി നൽകിയ പരാതി പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചില്ലെന്ന് സിബിസിഐ. മാധ്യമങ്ങൾ സഭയെ കുറ്റപ്പെടുത്തുന്നതിൽ വേദനയുണ്ടെന്നും സിബിസിഐ പ്രസിഡന്‍റ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് പാലാ സബ് ജയിലിലെത്തിയതിന് പിന്നാലെയാണ് സിബിസിഐ നിലപാട് വ്യക്തമാക്കിയത്. 

ഗൗരവതരവും സങ്കീർണവുമായ പരാതി പരിശോധിക്കാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. നീതിന്യായവ്യവസ്ഥയിൽ പൂ‍ർണ്ണവിശ്വാസമുണ്ടെന്നും സിബിസിഐ വിശദീകരിച്ചു. ഫ്രാങ്കോമുളയ്ക്കലിനെ പിന്തുണച്ച് കെസിബിസിയും ചങ്ങനാശ്ശേരി അതിരൂപതയും വന്നതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി ബിഷപ്പിന്റ ജയിൽ സന്ദർശനം. മാർ മാത്യു അറയ്ക്കൽ സഹായ മെത്രാൻ മാർ ജോ,സ് പുളിയ്ക്കൽ മലങ്കല കത്തോലിക്ക രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ഫ്രാങ്കോയെ ജയിൽ കണ്ടത്. 

പത്ത് മിനിട്ടത്തെ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മാത്യു അറയ്ക്കൽ നിരപരാധികൾ ശിക്ഷിപ്പെടാൻ പാടില്ലെന്ന് വിശദീകരിച്ച് ഫ്രാങ്കോക്ക് പിന്തുണ നൽകി. കന്യാസ്ത്രീ പിഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പറഞ്ഞ് ബിഷപ്പ് നയം വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ ബിഷപ്പിനെതിരെയുള്ള പരാതിയിൽ മാധ്യമങ്ങൾ വേട്ടയാടുന്നതിൽ വേദനയുണ്ടെന്ന് വ്യക്തമാക്കി സിബിസിഐ രംഗത്തെത്തി.