തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അസ്വഭാവിക മരണത്തിന് പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, ശ്രീജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈമാറാന്‍ സിബിഐ പൊലീസിന് കത്ത് നല്‍കുകയും ചെയ്തു. കേസ് അന്വേഷിച്ചിരുന്ന അസി.കമ്മീഷണര്‍ക്കാണ് കത്ത് നല്‍കിയത്. ഫയലുകള്‍ നാളെ കൈമാറുമെന്നാണ് സൂചന. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. അതേസമയം അന്വേഷണ നടപടി തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന് ശ്രീജിത്ത് പ്രതികരിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ 774 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്‍റെ അവസ്ഥ ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്.
ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായിരിക്കെ പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ശ്രീജിവിന്‍റെത് കസ്റ്റഡി മരണമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ആരോപണവിധേയരായ പെലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം, വകുപ്പ്തല നടപടി സ്വീകരിക്കണം, ശ്രീജിവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഇവരില്‍ നിന്ന് പത്ത് ലക്ഷം രൂപ ഈടാക്കി നല്‍കണം എന്നുമായിരുന്നു പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആരോപണ വിധേയനായ മുന്‍ പാറാശാല എസ്ഐ വി ഗോപകുമാര്‍ അനുകൂലവിധി നേടിയിരുന്നു.
ഈ ഉത്തരവിന്‍ പ്രകാരം പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയോ നഷ്ടപരിഹാരത്തുക ഈടാക്കുകയോ ചെയ്തിട്ടില്ല. ശ്രീജിവിന്‍റെ കസ്റ്റഡി മരണം വീണ്ടും ചര്‍ച്ചയായതോടെ ഹൈക്കോടതി ഉത്തരവ് നീക്കാന്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാര്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് ഉറപ്പുനല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്ത് നീതി തേടി സെക്രട്ടേറിയറ്റിന് മുന്പില്‍ രണ്ടുവര്‍ഷത്തിലേറെയായി നടത്തിവന്ന സമരം വീണ്ടും ചര്‍ച്ചയായതും സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്ന് വന്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതും. വാര്‍ത്ത ഏറ്റെടുത്ത സാമൂഹ്യമാധ്യമക്കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്പില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ നടപ്പിലാകുന്നത്.
.
