മലയാളിയായ പോൾസൺ രാജൻ, മാധ്യമ പ്രവർത്തക ജിഗ്ന വോറ എന്നിവരെ വെറുതെ വിട്ടു

മുംബൈ: മിഡ് ഡേ പത്രപ്രവര്‍ത്തകന്‍ ജെ ഡേയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകൻ ഛോട്ടാ രാജൻ ഉൾപ്പെടെ 10 പേർ കുറ്റക്കാരനെന്ന് കോടതി. കേസിൽ മലയാളിയായ പോൾസൺ രാജൻ, മാധ്യമ പ്രവർത്തക ജിഗ്ന വോറ എന്നിവരെ വെറുതെ വിട്ടു.

കേസിൽ നേരിട്ട് പങ്കെടുത്തതിന്റെ തെളിവുകളുടെ അഭാവത്തിലാണ് മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെയും മലയാളിയായ പോൾസൺ രാജനെയും പ്രേത്യേക കോടതി വെറുതെ വിട്ടത്. ഡേയെ കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് ചൂണ്ടിക്കാണിച്ചത് വോറയാണ് എന്നായിരുന്നു പൊലീസ് വാദം. പ്രതികൾക്ക് സിം കാർഡ് എടുക്കാൻ സഹായം നൽകിയെന്നതായിരുന്നു പോൾസൺ രാജനെതിരെ ചുമത്തിയ കുറ്റം. അതേസമയം കേസിലെ മറ്റൊരു മലയാളിയും ജേഡേയെ വെടിവെച്ച കൊല്ലുകയും ചെയ്ത സതീഷ് കാലിയെ ഉൾപ്പടെ 10 പേരെ കോടതി കുറ്റക്കാരെണെനന് കണ്ടെത്തി.

2011 ജൂണ്‍ 11നാണ് മിഡ് ഡേ പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്. തനിക്കെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജെ ഡേയെ കൊലപ്പെടുത്താന്‍ ഛോട്ടാ രാജന്‍ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട്‌ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം പ്രകാരമായിരുന്നു കേസ്. 2015 നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് രാജനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചത്.