അതിർത്തി കടക്കാതെ തന്നെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ ഭീകരതാവളങ്ങൾ തകർത്തപ്പോൾ, യുദ്ധം ഒഴിവാക്കാൻ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടുകയും വലിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു.

ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ പാക് ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാനെ കടുത്ത ഭീതിയിലാഴ്ത്തിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യത്തിന്റെ അതിശക്തമായ പ്രത്യാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടുകയും പകരം വിലപ്പെട്ട വാഗ്ദാനങ്ങൾ നൽകുകയും ചെയ്തതായി യുഎസ് രേഖകൾ വ്യക്തമാക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാകിസ്ഥാനിലെ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും 50-ലേറെ തവണയാണ് ഇമെയിൽ വഴിയും ഫോൺ വഴിയും നേരിട്ടും ബന്ധപ്പെട്ടത്. 'സ്‌ക്വയർ പാറ്റൺ ബോഗ്‌സ്' എന്ന യുഎസ് ലോബിയിംഗ് സ്ഥാപനം പാക് സർക്കാരിന് വേണ്ടി സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കയിൽ തങ്ങൾക്കനുകൂലമായി ലോബിയിംഗ് നടത്താൻ പാകിസ്ഥാൻ വൻതുക ചിലവഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

മെയ് 6, 7 തീയതികളിൽ രാത്രിയാണ് ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , കൃത്യതയാർന്ന മിസൈലുകൾ, ഡ്രോണുകൾ, ഉപഗ്രഹ നിരീക്ഷണം എന്നിവ ഉപയോഗിച്ച് അതിർത്തി കടക്കാതെ തന്നെ ഇന്ത്യ ഭീകരതാവളങ്ങൾ തകർത്തു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയിബ തുടങ്ങിയ സംഘടനകളുടെ ബഹാവൽപൂർ, മുരിദ്‌കെ, മുസാഫറാബാദ്, കോട്ട്‌ലി എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളും ലോജിസ്റ്റിക്സ് ഹബ്ബുകളും ഇന്ത്യ തകർത്തു. സാധാരണക്കാരെയോ സൈനിക താവളങ്ങളെയോ ബാധിക്കാതെ ഭീകരരെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്.

പാകിസ്ഥാൻ യുഎസിന് മുന്നിൽ വെച്ച വാഗ്ദാനങ്ങൾ

ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കാൻ പാകിസ്ഥാൻ അമേരിക്കയ്ക്ക് മുന്നിൽ വലിയ ഓഫറുകൾ നിരത്തി. അമേരിക്കൻ കയറ്റുമതികൾക്ക് (ഊർജ്ജം, കൃഷി) പാകിസ്ഥാൻ മുൻഗണന നൽകുമെന്നും വ്യാപാര തടസ്സങ്ങൾ നീക്കുമെന്നും അറിയിച്ചു. പാക് പ്രധാനമന്ത്രിയും ആർമി ചീഫും നേതൃത്വം നൽകുന്ന സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ കൗൺസിലിൽ (SIFC) യുഎസ് നിക്ഷേപകർക്ക് പ്രത്യേക പരിഗണന നൽകാമെന്ന് പാകിസ്ഥാൻ പറഞ്ഞു. കോപ്പർ, ലിഥിയം, കൊബാൾട്ട് തുടങ്ങിയ വിലപ്പെട്ട ഖനിജങ്ങളുടെ ഖനനത്തിൽ അമേരിക്കയെ പങ്കാളികളാക്കാമെന്നും പാകിസ്ഥാൻ വാഗ്ദാനം ചെയ്തു. നാല് ദിവസം നീണ്ട സൈനിക ഏറ്റുമുട്ടലിന് ശേഷം മെയ് 10-ന് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ (DGMO) ഹോട്ട്ലൈൻ വഴി സംസാരിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചു. താൻ മധ്യസ്ഥത വഹിച്ചതായും വ്യാപാര കരാറുകൾ വാഗ്ദാനം ചെയ്തതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇന്ത്യ ഇത് പലതവണ നിഷേധിച്ചു. ഭീകരതയെക്കുറിച്ച് പാകിസ്ഥാനുമായി നേരിട്ട് സംസാരിക്കാമെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനിന്നത്.

Scroll to load tweet…