ദില്ലി: പുതിയ സി ബി ഐ മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതി യോഗം ഇന്ന് ചേരും. വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവരും പങ്കെടുക്കും. 

79 ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തെ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ പ്രവൃത്തി പരിചയത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഖാര്‍ഗെ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ യോഗം തീരുമാനമാകാതെ പിരിഞ്ഞത്. കൃത്യമായ വിവരം നൽകാതെ സിബിഐ മേധാവിയുടെ നിയമനം കേന്ദ്രം വൈകിക്കുകയാണെന്ന് യോഗത്തിന് ശേഷം ഖാര്‍ഗെ ആരോപിച്ചിരുന്നു. മധ്യപ്രദേശ് ഡിജിപി ആര്‍ കെ ശുക്ള ഉൾപ്പടെയുളള പേരുകൾ മുൻഗണനാ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.

അലോക് വര്‍മ്മയ്ക്ക് പകരം ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്‍റെ കാലാവധി ജനുവരി 31 വരെയാണ്. ജനുവരി 10 നാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. സുപ്രീംകോടതി വിധിയുടെ ബലത്തില്‍ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ തീരുമാനത്തോട് വിയോജിച്ചിരുന്നു