ദില്ലി ബാങ്ക് ഫ്രോഡ് സെല്ലിലെ എസ്പി സുധാൻശു ധര്‍ മിശ്രയെയാണ് സ്ഥലം മാറ്റിയത്. എഫ് ഐ ആർ  രജിസ്റ്റർ ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ റാഞ്ചിയിലേക്ക് മാറ്റി

മുംബൈ: ഐ സി ഐ സി ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി ബി ഐ എസ് പിയെ സ്ഥലം മാറ്റി. എഫ് ഐ ആർ രജിസറ്റർ ചെയ്ത് തൊട്ടടുത്ത ദിവസമാണ് സ്ഥലം മാറ്റം. സി ബി ഐ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത് വന്നിരുന്നു.

ദില്ലി സി ബി ഐ ആസ്ഥാനത്തെ ബാങ്ക് ഫ്രോഡ് സെല്‍ എസ് പി സുധാന്‍ശു ധർമിശ്രയെയാണ് സ്ഥലം മാറ്റിയത്. റാഞ്ചിയിലെ സാമ്പത്തിക വിഭാഗം സെല്ലിലേക്കാണ് മാറ്റം. ഐ സി ഐ സി ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാർ, വിഡീയോ കോണ്‍ ചെയർമാന്‍ വി എന്‍ ദൂധ് എന്നിവരെ പ്രതികളാക്കി കഴിഞ്ഞ 22 നാണ് സുധാന്‍ശു മിശ്ര എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 

ഒരു വർഷത്തിലേറെ നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു നടപടി. ബാങ്കിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും എഫ് ഐ ആറില്‍ പരാമർശിച്ചിട്ടുണ്ട്. എന്നാല്‍ എഫ് ആർ ആർ ഇട്ടതിന് പിറ്റേന്ന് തന്നെ മിശ്രയെ സ്ഥലം മാറ്റി. പകരം കൊല്‍ക്കത്തയിലെ സാമ്പത്തിക സെല്‍ വിഭാഗം എസ്പി ബിശ്വജിത് ദാസിന് ചുമതല നല്‍കി. സ്ഥലം മാറ്റിയതിന് പിന്നാലെ സി ബി ഐയെ പരസ്യമായി വിമർശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി രംഗത്തെത്തിയിരുന്നു. 

നിയമപരമായ തെളിവുകളില്ലാതെ അന്വേഷണം നടത്തുന്നത് വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത്. കാടടച്ചുള്ള അന്വേഷണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേർക്കരുതെന്നും ജെയ്റ്റലി എഴുതി. ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയലും പ്രതിരോധമന്ത്രി നിർമല സീതാരാമനും ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിക്കരുതെന്ന തന്റെ പ്രസ്താവനയെ വിമർശിച്ച ജെയ്റ്റ്ലിയും ഇത് തന്നെയല്ലേ ചെയ്യുന്നതെന്ന് പാർട്ടി വക്താവ് ആനന്ദ് ശർമ ചോദിച്ചു. സിബിഐ അന്വേഷണത്തില്‍ അരുണ്‍ ജെയറ്റ്ലി ഇടപെടുന്നു എന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.