ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ആന്‍ട്രിക്‌സ് ദേവാസ് ഇടപാടില്‍ സിബിഐയുടെയും ആദായ നികുതി വകുപ്പിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കരാര്‍ ഒപ്പിട്ട സമയം ഐഎസ് ആര്‍ ഓ മേധാവിയായിരുന്ന ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തത്. ആന്‍ട്രിക്‌സ് ദേവാസുമായി കരാറുമായി ബന്ധപ്പെട്ട വിവാദ വ്യവസ്ഥകളെ പറ്റിയുള്ള വിശദാംശങ്ങളാണ് ചോദ്യം ചെയ്യലില്‍ സിബിഐ മാധവന്‍ നായരോട് തേടിയത്. രണ്ട് ഐസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ക്കൊപ്പം പന്ത്രണ്ട് വര്‍ഷത്തെക്ക് എഴുപത് ശതമാനം എസ് ബാന്‍ഡ് അനുവദിക്കുന്ന ഇടപാടില്‍ അന്ന് ഐഎസ്ആര്‍ഓയും ആന്‍ട്രിക്‌സും അനാവശ്യ തിടുക്കം കാട്ടിയെന്ന് സിഎജി വിലയിരുത്തിയിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ബഹിരാകാശ കമ്മീഷനുമായും വേണ്ട ചര്‍ച്ച നടന്നിരുന്നില്ലെന്നും ഇടപാടിലൂടെ 576 കോടി രൂപയുടെ നഷ്ടം കേന്ദ്രത്തിന് ഉണ്ടായി എന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് 2011ല്‍ കേന്ദ്ര മന്ത്രിസഭ കരാര്‍ റദ്ദാക്കിയിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്ന് മാധവന്‍നായരെയും മറ്റ് മൂന്ന് ശാസ്ത്രജ്ഞരേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും അന്നത്തെ യുപിഎ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ജി മാധവന്‍ നായരെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കിയപ്പോള്‍ ഐഎസ്ആര്‍ഒ മേധാവിയായിരുന്ന കെ.രാധാകൃഷ്ണനെയും സിബിഐ കഴിഞ്ഞ വര്‍ഷം ചോദ്യം ചെയ്തിരുന്നു.