ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും ചെന്നൈയിലെ വസതികളിലടക്കം വിവിധയിടങ്ങളിൽ സി.ബി.ഐ റെയ്ഡ്. 2008ൽ ഒരു മാധ്യമ കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ കമ്പനി ശ്രമിച്ചെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിലാണ് സി.ബി.ഐ റെയ്ഡ്. രാവിലെ 6.30നാണ് ചിദംബരത്തിന്‍റെ വസതിയിൽ സി.ബി.ഐ സംഘം എത്തിയത്. ചെന്നൈയിൽ 14 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. തമിഴ്നാടിന് പുറത്തും റെയ്ഡുകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

ഫെമ അടക്കമുള്ള സാമ്പത്തിക നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 17ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടർ (ഇ.ഡി) കാർത്തി ചിദംബരത്തിന് നോട്ടീസ് നൽകിയിരുന്നു. കാർത്തി ചിദംബരത്തിന് വിദേശത്തടക്കം വൻ അനധികൃത സമ്പാദ്യം ഉണ്ടെന്ന ആരോപണവുമായി നേരത്തേ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.

മുൻധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് പി.ചിദംബരം. ചിദംബരത്തെ അപകീർത്തിപ്പെടുത്തുന്നതിനാണ് റെ‍യ്ഡ് നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ ആരോപിച്ചു.