തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സി.ബി. െഎ അന്വേഷണം തുടങ്ങുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്‍റെയും അമ്മയുടെയും മൊഴിയെടുക്കും. അതേസമയം കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. ഇന്ന് പത്ത് മണിക്ക് ശേഷം ശ്രീജിത്തും അമ്മയും സി.ബി. െഎ ആസാഥാനത്തെത്തി മൊഴി നല്‍കും. 

പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത്‌നല്‍കുകയും ചെയ്തു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. 

ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്.