അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസാണെന്ന് സിബിഐ കസ്റ്റഡിയിലുള്ള വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗി വെളിപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്ന് ത്യാഗി കോടതിയില്‍ പറ!ഞ്ഞു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സിബിഐ കടക്കുന്നത്. മന്‍മോഹന്‍സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായര്‍, സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. 

നേരത്തെ കല്‍ക്കരി അഴിമതി കേസിലും സിബിഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു. ഹെലികോപ്റ്ററിന്റെ പറക്കല്‍ ഉയരം 4500 മീറ്ററാക്കി കുറച്ചതും, ക്യാബിന്റെ ഉയരം 1.8 മീറ്ററാക്കിയതും പരീക്ഷണ പറക്കല്‍ വിദേശത്ത് തീരുമാനിച്ചതുമാണ് വ്യവസ്ഥകളിലെ പ്രധാന മാറ്റങ്ങള്‍. നിലവിലെ ഹെലികോപ്റ്ററുകള്‍ ഉടന്‍ മാറ്റണമെന്നും വിവിഐപികള്‍ക്കായി പുതിയ ഹെലികോപ്റ്റര്‍ വേണമെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അത് അഗസ്റ്റ കരാറിന് ഗുണമായി എന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. 

ഇറ്റാലിയന്‍ കമ്പനിക്ക് കരാര്‍ കിട്ടാനായുള്ള ഇടപെടലുകളായിരുന്നു ഇതൊക്കെയെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. കരാറിനായി ഹെലികോപ്റ്റര്‍ കമ്പനി 450 കോടിയിലധികം രൂപ ആര്‍ക്കൊക്കെ കിട്ടിയെന്നതും സിബിഐ അന്വേഷിച്ചുവരികയാണ്.