സിബിഐയിൽ മുൻ ഡയറക്ടറായിരുന്ന അലോക് വർമയ്ക്കും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കുമിടയിലുള്ള തുറന്ന പോരിനിടയായ കേസ് പുതിയ തലത്തിലേയ്ക്ക്. വിവാദമായ മൊയിൻ ഖുറേഷി കേസിലെ ഉദ്യോഗസ്ഥരെ മാറ്റി. സിവിസിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് സൂചന. അന്വേഷണച്ചുമതല മാറ്റിയതിനെതിരെ പ്രതിഷേധവുമായി അഡ്വ.പ്രശാന്ത് ഭൂഷൺ.

ദില്ലി: സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കിടയിലുള്ള തുറന്ന പോരിനിടെ, ഇതിന് ഇടയാക്കിയ വിവാദകേസിന്‍റെ അന്വേഷണഉദ്യോഗസ്ഥരെ സിബിഐ മാറ്റി. മാംസവ്യാപാരി മൊയിൻ ഖുറേഷിയിൽ നിന്ന് സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും മേധാവി അലോക് വർമയും ഇടനിലക്കാരൻ വഴി കോഴപ്പണം വാങ്ങിയെന്ന കേസുകളുടെ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിബിഐയുടെ എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേസുകളുടെ മേൽനോട്ടം വഹിയ്ക്കുന്ന കേന്ദ്രവിജിലൻസ് കമ്മീഷന്‍റെ നിർദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് സൂചന.
മുമ്പ് സിബിഐയിലെ സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിച്ചിരുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്ന എസ്‍പി സതീഷ് ധറിനാണ് പുതിയ അന്വേഷണച്ചുമതല. എസ്‍‍പി എസ് കിരണിനെ മാറ്റി സതീഷ് ധറിന് അന്വേഷണച്ചുമതല നൽകിയ നീക്കത്തിനെതിരെ അഡ്വ.പ്രശാന്ത് ഭൂഷണുൾപ്പടെയുള്ളവർ രംഗത്തുവന്നു.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് സിബിഐയുടെ ഇടക്കാല ഡയറക്ടർ എസ്. നാഗേശ്വര റാവുവിനെ വിലക്കിയിരുന്നു. സിബിഐയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളല്ലാതെ നിർണായക തീരുമാനങ്ങളൊന്നും എടുക്കരുതെന്നായിരുന്നു സുപ്രീംകോടതി നിർദേശം. കോടതിയുടെ ഉത്തരവുണ്ടായിട്ടും നിർണായകമായ ഒരു കേസിലെ അന്വേഷണഉദ്യോഗസ്ഥരെ മാറ്റാനുള്ള ഇടക്കാല ഡയറക്ടറുടെ തീരുമാനം കോടതിയലക്ഷ്യമാണെന്നാണ് പ്രശാന്ത് ഭൂഷന്‍റെ ആരോപണം.
അതേസമയം, സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്‍കിയ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കൈക്കൂലി കേസിൽ തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അസ്താന ഹൈക്കോടതിയെ സമീപിച്ചത്. അസ്താനയുടെ അറസ്റ്റ് ഹൈക്കോടതി ഇന്നു വരെ വിലക്കിയിരുന്നു. മാംസവ്യാപാരി മൊയിൻ ഖുറേഷിയിൽ നിന്ന് ഇടനിലക്കാരൻ സതീഷ് സന വഴി അസ്താന മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ. കേസിനെ തുടർന്ന് സിബിഐ ഡയറക്ടർ അലോക് വർയെയും അസ്താനയെയും ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.