ചെന്നൈ: തമിഴ്നാട്ടില്‍ നിന്ന് വന്‍തോതില്‍ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ ശേ‌ഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി എന്നിവര്‍ക്കെതിരായ കേസ് സിബിഐയുടെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം ഏറ്റെടുത്തു. ഇവരുടെ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത 131 കോടി രൂപയില്‍ 30 കോടി രൂപയുടെ പുതിയ നോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സിബിഐ അന്വേഷിക്കും. ആര്‍ബിഐയില്‍ നിന്നാണോ അതോ ബാങ്കുകളില്‍ നിന്നാണോ റെഡ്ഡി സഹോദരന്‍മാര്‍ക്ക് പുതിയ നോട്ടുകള്‍ ലഭിച്ചതെന്ന കാര്യമാണ് സിബിഐ പ്രധാനമായും പരിശോധിയ്‌ക്കുക.

നോട്ട് അസാധുവാക്കല്‍ നടപടിയ്‌ക്ക് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണപണ വേട്ടയായിരുന്നു ആന്ധ്രാസ്വദേശികളായ റെഡ്ഡി സഹോദരന്‍മാരുടെ തമിഴ്നാട്ടിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍. 131 കോടി രൂപയും 171 കിലോ സ്വര്‍ണവുമാണ് ചെന്നൈ, വെല്ലൂര്‍, കാട്പാടി എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. മണല്‍ വ്യാപാരികളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, ഇവര്‍ക്ക് ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പ്രേം എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടമാണ് ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിയ്‌ക്കുന്ന സിബിഐയുടെ എന്‍ഫോഴ്‌സ്മെന്‍റ് വിഭാഗം പ്രധാനമായും അന്വേഷിയ്‌ക്കുക.

പിടിച്ചെടുത്ത 131 കോടി രൂപയില്‍ 30 കോടി രൂപ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളായിരുന്നു എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിയ്‌ക്കുന്നു. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച് ഇത്ര ചെറിയ കാലയളവിനുള്ളില്‍ എങ്ങനെ ഇത്രയധികം പുതിയ നോട്ടുകള്‍ റെഡ്ഡി സഹോദരന്‍മാര്‍ക്ക് ലഭിച്ചുവെന്നതാണ് സിബിഐ അന്വേഷിയ്‌ക്കുന്നത്. പിടിച്ചെടുത്ത നോട്ടുകളുടെ സീരിയല്‍ നമ്പര്‍ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ബാങ്കുകളില്‍ നിന്നാണോ അതോ ആര്‍ബിഐയില്‍ നിന്ന് നേരിട്ടാണോ ഇവര്‍ക്ക് ലഭിച്ചത് എന്ന കാര്യം സിബിഐ പരിശോധിയ്‌ക്കും.

ആര്‍ബിഐയില്‍ നിന്നാണ് പണം ചോര്‍ന്നതെങ്കില്‍ ദേശീയ സുരക്ഷയെത്തന്നെ ബാധിയ്‌ക്കുന്ന ഒന്നായി ഈ കേസ് മാറും. ഇതുമായി ബന്ധപ്പെട്ട് ചില ആര്‍ബിഐ ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായാണ് സൂചന. ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത 171 കിലോ സ്വര്‍ണം വിദേശത്തു നിന്ന് കടത്തിയതാണോ എന്ന കാര്യവും സിബിഐ അന്വേഷിക്കുന്നുണ്ട്.