കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ പരിക്കേറ്റ ഉമ തോമസ് എംഎൽഎ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവർക്കെതിരെയാണ് നോട്ടീസ്.

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഗിന്നസ് റെക്കോഡിടാൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് വക്കീൽ നോട്ടീസ്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് വക്കീൽ നോട്ടീസ്. അപകടം നടന്നിട്ട് കഴിഞ്ഞ ദിവസം ആണ് ഒരു വർഷം പൂർത്തിയായത്.

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. ഉമ തോമസിന്‍റേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാൻ വിശ്രമം അത്യാവശ്യമാണെന്നും അന്ന് റിനൈ മെഡിസിറ്റി മെ‍ഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബർ 29 നാണ് 12,000 പേർ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ കലൂർ സ്റ്റേഡിയത്തിൽ താത്കാലികമായി കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റത്. വിഐപി ഗ‍ാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബലമുള്ളതായിരുന്നില്ല. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്.