സിബിഎസ്ഇ സ്കൂളില്‍ നിന്ന് പൊതു വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ മാറ്റം തടഞ്ഞ് മാനേജ്മെന്റുകള്‍.  13,500 രൂപ സ്‌പെഷ്യല്‍ ഫീസ് അടക്കാതെ ടിസി നല്‍കില്ലെന്ന് തിരുവനന്തപുരം ചിന്മയ വിദ്യാലയം തീരുമാനിച്ചതോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പഠനം ആശങ്കയിലായി. ഫീസിന്റെ ഒരു ഭാഗം കമ്മല്‍ വിറ്റ് അടച്ച കുട്ടിയുടെ അമ്മ ടിസിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.
ജഗതി സ്വദേശിയായ ബേബിയാണ് മകന്റെ ടിസിക്കായി പരക്കംപായുന്നത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തില്‍ നിന്നും മകനെ തിരുമല എഎംഎച്ച്എസ്സില്‍ എട്ടാം ക്ലാസിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പക്ഷെ ചിന്മയ വിദ്യാലയം ടിസി നല്‍കാത്തത് കാരണം പ്രവേശനം അനിശ്ചിതത്വത്തിലായി. ടിസിക്കായി ആദ്യം ചോദിച്ചത് 13500. സ്‌പെഷ്യല്‍ ഫീസും ട്യൂഷന്‍ ഫീസ് കുടിശ്ശികയും ചേര്‍ത്താണ് ആവശ്യപ്പെട്ടത്. കമ്മല്‍ വിറ്റ് പണം നല്‍കിയപ്പോള്‍ മാനേജ്മെന്റ് കാലുമാറി. ഡിപിഐക്ക് പരാതി നല്‍കുന്നതിനിടെയാണ് ‍ഞങ്ങളെത്തിയത്.

ഫീസ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് സ്കൂള്‍ മാറ്റമെന്നാണ് മെഡിക്കല്‍ ഷോപ്പിലെ താല്‍ക്കാലിക ജീവനക്കാരിയായ അമ്മ പറയുന്നത്. അതേ സമയം ഫീസ് കുടിശ്ശികയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം.  അത്തരം നിര്‍ദ്ദേശമാണ് ഡയറക്ടര്‍ നല്‍കിയതെന്നാണ് വിശദീകരണം.

പ്രശ്നത്തില്‍ ഇടപെടാന്‍ ഡിപിഐ കെവി മോഹന്‍കുമാര്‍ ഡിഡിഇക്ക് നിര്‍ദ്ദേശം നല്‍കി. പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ സ്കൂളുകള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്ന നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിപിഐ അറിയിച്ചു.