ശിരോവസ്‌ത്രം ധരിച്ചെത്തുന്ന മുസ്‍ലിം പെണ്‍കുട്ടികളെ മേയ് ഒന്നിന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ ഫയല്‍ ചെയ്തു. വൈകിയ വേളയില്‍ വിധി നടപ്പാക്കുന്നത് പരീക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ശിരോവസ്‌ത്രം ധരിച്ചെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ തൃശൂര്‍ പാവറട്ടി സ്വദേശി അംന ബിന്‍ത് ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ശിരോവസ്‌ത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് നീക്കി. പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വനിതാ ജീവനക്കാരെ പരിശോധനക്ക് നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ വൈകിയ വേളയില്‍ കൂടുതല്‍ വനിതാ ജീവനക്കാരെ നിയോഗിക്കാന്‍ കഴിയില്ലെന്നാണ് സിബിഎസ് സിയുടെ വാദം.