തിരുവനന്തപുരം: 2017ലെ ഏഷ്യാനെറ്റ് ന്യൂസ് സ്‌ത്രീശക്തി പുരസ്കാരം സി.ഡി. സരസ്വതിക്ക്. വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നടി മഞ്ജു വാര്യരാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. അവസാന റൗണ്ടിലെത്തിയ ജിസ്ന മാത്യു, ലോ അക്കാദമിയിലെ പെണ്‍കൂട്ടായ്മ, ഡോ.വല്‍സ, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പ്രശസ്തിപത്രം സമ്മാനിക്കും.

അരിവാള്‍ രോഗത്തിന്റെ അതിതീവ്രമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അതേ രോഗമനുഭവിക്കുന്ന നൂറുകണക്കിന് മനുഷ്യരെ ഒന്നിച്ചു നിര്‍ത്തി അവകാശങ്ങള്‍ക്കുവേണ്ടി രണ്ടു പതിറ്റാണ്ടോളമായി പോരാടുന്ന പെണ്‍ശക്തിയാണ് സി.ഡി.സരസ്വതി. വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്‍പ്പടെ അരിവാള്‍ രോഗം ബാധിച്ച അയത്തിലധികം പേരാണ് സരസ്വതിയുടെ പോരാട്ടത്തിന് ഗുണമനുഭവിക്കുന്നത്

കപ്പല്‍ ജോലി ആഗ്രഹിച്ച സരസ്വതി അതിനുവേണ്ടി പഠനം നടത്തുന്നതിനിടെയാണ് രോഗം പിടികൂടിയത്. 1996ല്‍ പിന്നെ രോഗകിടക്കയില്‍ മുന്നുവര്‍ഷം. അല്‍പമൊന്നാശ്വസമായപ്പോള്‍ 1998ല്‍ മൂന്നോ നാലോ പേര്‍ മാത്രമുള്ള അരിവാള്‍ രോഗികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. തുടര്‍ന്ന് വേദന കൊണ്ട് പഠിക്കാനോ പണിയെടുക്കാനോ സാധിക്കാത്ത ആദിവാസികളടക്കമുള്ള രോഗികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം. അരിവാള്‍ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന്, പോഷകാഹാരവിതരണം, പെന്‍ഷന്‍ തുടങ്ങിയുള്ള മുഴുവന്‍ സര്‍ക്കാര്‍ പദ്ധതികളും ലഭിച്ചത് സരസ്വതിയുടെ പോരാട്ടത്തെ തുടര്‍ന്ന്. സ്കോപയെന്ന പേരിലുള്ള സംഘടനയില്‍ ഇന്ന് ആയിരത്തിലധികം അംഗങ്ങളുണ്ട്.

തീരെ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ഒരു വിഷയത്തെ സമൂഹത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നത് തന്നെയാണ് സരസ്വതിയുടെ ഏറ്റവും മികച്ച നേട്ടം. മത്സരിക്കാന്‍ ശേഷിയില്ലാത്ത വിധം തളര്‍ന്ന ഒരു വിഭാഗം മനുഷ്യരെ വിസ്മരിച്ചുകൊണ്ടുള്ള സമൂഹത്തിന്റെ പോക്കിനെയാണ് സരസ്വതി ധീരമായി നേരിടുന്നത്. രോഗബാധിതരായ മനുഷ്യര്‍ക്ക് സരസ്വതി ധൈര്യം പകരുന്നതും സ്വന്തം ജീവന്‍ കാണിച്ചുകൊണ്ടാണ്.