യുപിഎ സർക്കാരിന്‍റെ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ ട്വിറ്ററിലൂടെ പ്രതികരിച്ച പ്രമുഖരുടെയും പ്രശസ്തരുടേയും പഴയ ട്വീറ്റുകളാണ് കുത്തിപ്പൊക്കുന്നത്
സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നവർക്ക് പരിചിതമായ വാക്കാണല്ലോ കുത്തിപ്പൊക്കൽ. മലയാളികൾക്കിടയിൽ പ്രചാരം കൂടുതൽ ഫേസ്ബുക്കിന് ആയതുകൊണ്ട് ഫേസ്ബുക്കിലെ കുത്തിപ്പൊക്കലാണ് ഇവിടെ കൂടുതൽ പരിചിതം. ഇപ്പോൾ ട്വിറ്ററിലും കുത്തിപ്പൊക്കൽ കാലമാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ ട്വിറ്ററിലൂടെ പ്രതികരിച്ച പ്രമുഖരുടെയും പ്രശസ്തരുടേയും പഴയ ട്വീറ്റുകളാണ് കുത്തിപ്പൊക്കുന്നത്. തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില കൂടി പെട്രോളിന്റേയും ഡീസലിന്റേയും വില മാനംമുട്ടിയിട്ടും അന്ന് ട്വിറ്ററിൽ ക്ഷോഭിച്ചവർക്ക് മിണ്ടാട്ടമില്ല. ഇതാണ് കുത്തിപ്പൊക്കലിന് പ്രകോപനം.
റീ ട്വീറ്റ് ചെയ്തും കമന്റിട്ടും സ്ക്രീൻ ഷോട്ട് പുതിയ ട്വീറ്റാക്കിയുമാണ് കുത്തിപ്പൊക്കൽ. ട്വിറ്റർ സ്ക്രീൻ ഷോട്ടുകൾ ചിലർ ഫേസ്ബുക്കിലും പോസ്റ്റാക്കുക്കുന്നുണ്ട്. ട്വിറ്ററിലെ കുത്തിപ്പൊക്കലിന് അങ്ങനെ ഫേസ്ബുക്കിലും ലൈക്കും ഷെയറും കിട്ടി പ്രചരിക്കുകയാണ്.
2012ൽ ഇന്ധനവില കൂടിയപ്പോൾ അമിതാഭ് ബച്ചൻ ഇട്ട ട്വീറ്റാണ് വീണ്ടും പൊങ്ങിവന്നതിൽ ഒന്ന്.
“പെട്രോൾ വില എഴുപത്തഞ്ച് രൂപ
പെട്രോൾ ഒഴിക്കുന്ന ആൾ: എത്ര രൂപക്കാണ് സർ?
മുംബൈ നിവാസി: രണ്ടോ നാലോ രൂപക്ക് കാറിന്റെ മേലേക്ക് സ്പ്രേ ചെയ്തോളൂ ഭായീ, കത്തിച്ചുകളയാനാ.”
ഈ ട്വീറ്റിന് ഇപ്പോള് കിട്ടുന്ന മറുപടികളില് ചിലത് ഇങ്ങനെയാണ്
പെട്രോളൊഴിച്ച് കാറ് കത്തിക്കാൻ തന്നെ നല്ല ചെലവുവരും സർ, മണ്ണെണ്ണ പോരേ?
ഇപ്പോൾ രാഷ്ട്രപുനർനിർമ്മാണം നടക്കുകയാണ് മഹാനായക് ജീ. മുംബൈക്കാർ തലയിൽ പെട്രോളൊഴിച്ച് തരാനാണ് പറയുന്നത്.
മുംബൈയിൽ പെട്രോളിന് 81 രൂപയായി, എന്തെങ്കിലും ഒന്നു പറയൂ ബച്ചൻ ജീ... എന്നു തുടങ്ങി പഴയ ട്വീറ്റിനും അതിന്റെ സ്ക്രീൻ ഷോട്ടുകൾക്കും കീഴെ കമന്റുകൾ വന്നുനിറയുകയാണ്.
ബോളിവുഡ് താരം അനുപം ഖേറിന്റെ പഴയ ട്വീറ്റ് ഇങ്ങനെ.
“വരാൻ വൈകിയത് എന്ന് ഡ്രൈവറോട് ചോദിച്ചപ്പോൾ ഇന്ന് സൈക്കിളിലാണ് വന്നത് എന്നായിരുന്നു മറുപടി. എങ്കിൽപ്പിന്നെ മോട്ടോർ സൈക്കിളിൽ വന്നുകൂടായിരുന്നോ? എന്ന് ചോദിച്ചു. അത് ഇപ്പോൾ വീട്ടിലെ ഒരു പ്രദർശനവസ്തു മാത്രമാണ് എന്നായിരുന്നു ഡ്രൈവറുടെ മറുപടി”
കുത്തിപ്പൊക്കിയ ഈ പഴയ ട്വീറ്റിന് കീഴെ ഇപ്പോൾ കമന്റുകളുടെ പ്രളയമാണ്.
അങ്ങയുടെ ഡ്രൈവർ സമയത്ത് വരുന്നുണ്ടോ സർ?
ഡ്രൈവറിന്റെ ശമ്പളം കൂട്ടിക്കൊടുത്തോ സർ?
അനുപം ഖേർ തന്റെ ഡ്രൈവറുടെ സൈക്കിളിലാണ് ഇപ്പോൾ സഞ്ചാരമെന്ന് വേറൊരു രസികൻ.
ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ 2011ലെ ട്വീറ്റ്.
എന്റെ വീട്ടിലേക്ക് കടക്കാനാകുന്നില്ല, മുംബൈ നഗരം മുഴുവൻ വില കൂടുന്നതിന് മുമ്പ് പെട്രോൾ വാങ്ങാൻ രാത്രി തെരുവിലുണ്ട്.
ഒരു സാംപിൾ മറുപടി ഇങ്ങനെ.
ദിവസവും പെട്രോൾ വില കൂടുന്നതുകൊണ്ട് അങ്ങിപ്പോൾ വീട്ടിൽ പോകാറില്ല അല്ലേ ആഖീ?
എന്നാല് ഇന്ധനവില സംബന്ധിച്ച പഴയ ട്വീറ്റുകള് അക്ഷയ് കുമാര് നീക്കം ചെയ്തു.
സംവിധായകനും സാമൂഹ്യപ്രവർത്തകനുമായ അശോക് പണ്ഡിറ്റിന്റെ പഴയ ട്വീറ്റ് ഇങ്ങനെ
“രാജ്യത്തെ ദുരന്തത്തിലേക്ക് നയിച്ചതിൽ സോണിയ ഗാന്ധി ഒരു വിജയമാണ് എന്നതിന് തെളിവാണ് പെട്രോളിന്റെ വില”

അശോക് പണ്ഡിറ്റിന്റെ മറ്റൊരു ട്വീറ്റ് ഇതായിരുന്നു
അശോക് പണ്ഡിറ്റ് ഇപ്പോൾ ഇലക്ട്രിക് കാറാണ് ഉപയോഗിക്കുന്നത്. എന്ന മട്ടിൽ അവിടെയും ട്രോളുകൾക്ക് പഞ്ഞമില്ല.
എഴുത്തുകാരനും സംവിധായകനുമായ വിവേക് അഗ്നിഹോത്രി യുപിഎ സർക്കാരിന്റെ കാലത്ത് ചെയ്ത ട്വീറ്റ് ഇതായിരുന്നു

എന്നിട്ട് സൈക്കിൾ വാങ്ങിയോ മിസ്റ്റർ അഗ്നിഹോത്രി?
അഗ്നിഹോത്രി മോദി ഭക്ത് ക്ലബ്ബിൽ അംഗമായതുകൊണ്ട് അദ്ദേഹത്തിന് പെട്രോൾ വിലയിൽ കിഴിവുകിട്ടും.
എന്നുതുടങ്ങി വിവേക് അഗ്നിഹോത്രിയുടെ കുത്തിപ്പൊക്കിയ ട്വീറ്റിന് കീഴെയും ട്രോളോടു ട്രോൾ തന്നെ.
