പാര്‍ലമെന്‍റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി എംപിമാരും നാളെ ഉപവസിക്കും.

ദില്ലി:ദളിത് വിഭാഗങ്ങളെ അനുനയിപ്പിക്കാൻ അംബേദ്കര്‍ ജയന്തി ദിനത്തിൽ വിപുലമായ പരിപാടി സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്രാം സ്വരാജ് അഭിയാൻ എന്ന പേരിൽ മൂന്നാഴ്ച്ച നീണ്ട് നിൽക്കുന്ന പരിപാടികൾക്കാണ് ശനിയാഴ്ച്ച തുടക്കമാകുന്നത്. 

ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം സുപ്രീംകോടതി ലഘൂകരിച്ചതിനെതിരെയും അതിക്രമം തടയാൻ കേന്ദ്രം നടപടിയെടുക്കാത്തതിലും ബിജെപി എംപിമാര്‍ക്കിയടിൽ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുനയ ശ്രമം തുടങ്ങിയത്. 

അംബേദ്കര്‍ ജയന്തി ദിനമായ ഈ മാസം 14ന് ദളിത് ഗ്രാമങ്ങളിൽ തങ്ങാനാണ് എംപിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നൽകിയത്. പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രചാരമാണ് അടുത്തമാസം അഞ്ചുവരെയുള്ള ഗ്രാം സ്വരാജ് അഭിയാനിലൂടെ മോദി ലക്ഷ്യമിടുന്നത്. 

അതിനിടെ പാര്‍ലമെന്‍റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി എംപിമാരും നാളെ ഉപവസിക്കും. ഓഫീസ് ജോലിയും പരിപാടികളും മുടക്കാതെയാവും ഉപവാസം. വൈകീട്ട് പ്രതിരോധ പ്രദര്‍ശനത്തിൻറെ ഉദ്ഘാടനത്തിന് മോദി ചൈന്നൈയിലേക്ക് പോകും. തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ഹുബ്ലിയിൽ രണ്ട് മണിക്കൂര്‍ ധര്‍ണ നടത്തിയാകും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രതിഷേധം. പ്രമേഹമായതിനാൽ ഉപവാസം വേണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് തീരുമാനം. 

പ്രധാനമന്ത്രിയുടെ മണ്ഡ‍ലമായ വാരാണസിയിൽ കേന്ദ്രമന്ത്രി ജെ പി നദ്ദ ഉപവസിക്കും. ലഖ്‍നൗവിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ ഉപവാസം. അനോരോഗ്യം കാരണം കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും അരുൺ ജെയ്റ്റ്‍ലിയും ഉപവസിക്കില്ല.