കീഴാറ്റൂരില്‍ ബദല്‍പാത നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം

കണ്ണൂര്‍:കണ്ണൂരിലെ കീഴാറ്റൂരില്‍ ബൈപ്പാസിന് ബദല്‍പാത നിര്‍മ്മിക്കാന്‍ സാധ്യതയറിയാന്‍ സാങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. 

ഇക്കാര്യം പരിശോധിക്കാനായി പുതിയ സാങ്കേതികസമിതിയെ നിയമിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സാന്നിധ്യത്തില്‍ കീഴാറ്റൂര്‍ സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.അതേസമയം തളിപ്പറമ്പിലെ റോഡിൽ മേൽപ്പാലം നിർമ്മിക്കാമെന്ന നിർദ്ദേശം നിതിൻ ഗഡ്കരി തള്ളി.

ബൈപ്പാസിന്‍റെ അലൈന്‍മെന്‍റിന്‍റെ കാര്യത്തില്‍ സാങ്കേതികസമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് അന്തിമതീരുമാനമെടുക്കും. തുരുത്തി പ്രശ്നവും ഈ വിദഗ്ധ സമിതി പഠിക്കും സമിതിയെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാക്കള്‍ അറിയിച്ചു. വിദഗ്ധ സമിതിയെ നിയോഗിച്ചത് ഇന്നത്തെ സാഹചര്യത്തിൽ വിജയമാണെന്നും അവര്‍ പറഞ്ഞു. 

സമരസമിതിയെ പ്രതിനിധീകരിച്ച് സുരേഷ് കീഴാറ്റൂർ, നമ്പ്രടത്ത് ജാനകി എന്നിവർയോഗത്തില്‍ പങ്കെത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പി.കെ.കൃഷ്ണദാസ്, റിച്ചാർഡ് ഹേ എം.പി, കണ്ണൂർ ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, നേതാവായ കെ.രഞ്ജിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.