ദില്ലി: ഉറി ഭീകരാക്രണത്തിനു ശേഷമുള്ള സാഹചര്യം കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിളിച്ചു ചേർത്തിട്ടുണ്ട്. ഉറി ഭീകരാക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് നേരത്തെ മോദി വിളിച്ച യോഗം തീരുമാനിച്ചത്. 

എന്നാൽ ജമ്മുകശ്മീർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. ജമ്മുകശ്മീരിൽ ഭീകരക്യാംപുകൾക്കു നേരെയുള്ള സേനാ നീക്കം ഇന്നും തുടരുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും. 

കശ്മീരിൽ ഇന്ത്യ മനുഷ്യവകാശ ലംഘനം നടത്തുന്നു എന്ന ആരോപണം ഷെരീഫ് ആവർത്തിക്കാനാണ് സാധ്യത. അതേസമയം പാകിസ്ഥാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നവാസ് ഷെരിഫീന് മറുപടി നല്കും.