ഇവിഎമ്മുകൾ ഹാക്ക് ചെയ്തെന്ന് ഇന്നലെ ലണ്ടനിൽ നടന്ന ഒരു കോൺഫറൻസിലാണ് സയ്യിദ് ഷൂജ എന്ന സൈബർ വിദഗ്ധൻ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ കോൺഫറൻസിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ അവിടെ എന്തിന് പോയി എന്ന ചോദ്യം ബിജെപിയും ഉയർത്തുന്നു.

ദില്ലി: 2014-ൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്താനാകുമെന്നും സയ്യിദ് ഷൂജയെന്ന ഹാക്കർ ആരോപിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുകയാണ്. ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി പൊലീസിന് പരാതി കൈമാറി. ഇന്നലെ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ ലണ്ടനിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം ഉയർന്നത്.

ഇന്നലെ പരിപാടിയിൽ വച്ച് ഹാക്കർ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളിൽ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്ക‍ർ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

Scroll to load tweet…

അതേസമയം, ഇവിഎമ്മുകളിൽ തിരിമറി നടത്തിയെന്ന് ഹാക്കർ ആരോപിച്ച കോൺഫറൻസ് 'കോൺഗ്രസ് സ്പോൺസേഡ്' പരിപാടിയായിരുന്നെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി. കോൺഗ്രസിന് ഈ ആരോപണത്തിൽ പങ്കുണ്ട്. അതല്ലെങ്കിൽ കോൺഗ്രസ് നേതാവായ കപിൽ സിബൽ ആ പരിപാടിയ്ക്ക് എന്തിന് പോയെന്നും കേന്ദ്രനിയമമന്ത്രി രവിശങ്ക‍ർ പ്രസാദ് ചോദിച്ചു.

Scroll to load tweet…
Scroll to load tweet…

മുതിർന്ന ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഈ വിവരത്തെക്കുറിച്ച് അറിഞ്ഞതിനാലാണെന്നതുൾപ്പടെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇന്നലെ സയ്യിദ് ഷൂജ നടത്തിയത്. ഹാക്കത്തോണിൽ ഇവിഎമ്മുകളിൽ എങ്ങനെ തിരിമറി നടത്തുമെന്ന് വീഡിയോ ഡെമോ നടത്തുമെന്നാണ് സയ്യിദ് ഷൂജ അവകാശപ്പെട്ടത്. എന്നാൽ അത്തരം തെളിവുകൾ കാണിക്കുന്നതിന് പകരം ആരോപണങ്ങളുന്നയിക്കുക മാത്രമാണ് ഷൂജ ചെയ്തത്. ഈ പരിപാടിയിൽ കപിൽ സിബലിന്‍റെ പങ്കാളിത്തം കോൺഗ്രസിനെ വിവാദക്കുരുക്കിലാക്കുകയും ചെയ്തു. ഈ ഹാക്കത്തോണോ, കോൺഫറൻസോ ആയി ഒരു ബന്ധവുമില്ലെന്നാണ് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി വ്യക്തമാക്കിയത്.

Scroll to load tweet…

എന്നാൽ തനിയ്ക്ക് കിട്ടിയ ക്ഷണപ്രകാരം മാത്രമാണ് അവിടെ പോയതെന്നും, ബിജെപിയുൾപ്പടെ എല്ലാ പാർട്ടികളെയും ക്ഷണിച്ചിരുന്നതാണെന്നും ആരും വരാതിരുന്നത് തന്‍റെ പ്രശ്നമാകുന്നതെങ്ങനെയെന്നും കപിൽ സിബൽ ചോദിക്കുന്നു.