ദോഹ: ഖത്തറിലെ അബൂ ഹമൂറിലുള്ള സെൻട്രൽ മൽസ്യ മാർക്കറ്റ് ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഉംസലാലിൽ പുതുതായി പണി കഴിപ്പിച്ച കൂടുതൽ സൗകര്യങ്ങളോടെയുള്ള മൽസ്യ മാർക്കറ്റ് നാളെ വൈകീട്ടോടെ പ്രവർത്തനം തുടങ്ങും. മൽസ്യ വ്യാപാരികളുടെയും ഇടപാടുകാരുടെയും തിരക്കിൽ ശബ്ദമുഖരിതമായിരുന്ന ഈ മൽസ്യ ചന്ത നാളെ നിശബ്ദമാവും.
നാളെ വെളുപ്പിന് ഇവിടെയെത്തുന്ന വിവിധയിനം മൽസ്യങ്ങളുടെ അവസാന ലേലത്തോടെ വർഷങ്ങളായി തുടർന്നുവന്ന മീൻ കച്ചവടം അവസാനിപ്പിക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുമ്പ് അബൂഹമൂറിലെ ബ്രോക്കർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ മൽസ്യ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് നിർദേശം. വൈകീട്ടോടെ ഉംസലാലിലെ മാർക്കറ്റിൽ കച്ചവടം ആരംഭിക്കും.
ഫിഷ് മാർക്കറ്റിനു പുറമെ സാധനങ്ങൾ ലേലത്തിന് വിൽക്കാനുള്ള സൗകര്യവും ആധുനിക രീതിയിലുള്ള അറവ് ശാലയും കൂടി ഉൾപ്പെട്ടതാണ് പുതിയ മാർക്കറ്റ്. മീൻ വിൽപ്പനയ്ക്കുള്ള കടകൾക്ക് പുറമെ സീഫുഡ് റെസ്റ്റോറന്റ്, കഫ്‌റ്റേരിയ, മറ്റ് ഭക്ഷണ ശാലകൾ എന്നിവയും ഉംസലാലിലെ മാർക്കറ്റിൽ തയാറാക്കിയിട്ടുണ്ട്. രണ്ടു വർഷത്തെ പാട്ടത്തിനാണ് വ്യാപാരികൾക്ക് കടകൾ അനുവദിക്കുന്നത്.
പാട്ടക്കാലാവധി തീരുന്നതിനനുസരിച്ച് നിശ്ചിത കാലത്തേക്ക് കരാർ വീണ്ടും പുതുക്കി നൽകും. ലുസൈൽ സിറ്റിയിലെ വാണിജ്യ മന്ത്രാലയം ഓഫീസിലാണ് കരാറുമായി ബന്ധപ്പെട്ട ഇടപാടുകൾ നടക്കുക. അതേസമയം പുതിയ മൽസ്യ മാർക്കറ്റിൽ മികച്ച സംവിധാനങ്ങളെല്ലാമുണ്ടെങ്കിലും മധ്യ ദോഹയിൽ നിന്ന് ഏറെ മാറി സ്ഥിതി ചെയ്യുന്നതിനാൽ തുടക്കത്തിൽ കച്ചവടക്കാരും ഇടപാടുകാരും ഒരു പോലെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുമെന്നാണ് സൂചന.
