വാട്സ് ആപ്പും കേന്ദ്രസര്‍ക്കാരും നേര്‍ക്കുനേര്‍, മുന്നറിയിപ്പുമായി മന്ത്രി

ദില്ലി: കേന്ദ്ര സർക്കാരിനും വാട്സാപ്പിനും ഇടയിൽ പോര് മുറുകുന്നു. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് കർശനമായി നിയന്ത്രിക്കാൻ വാട്സാപ്പിനോട് സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാമെന്ന് കരുതേണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നല്കി.

വ്യാജ സന്ദേശങ്ങൾ എല്ലാം തടയാൻ നിർവ്വാഹമില്ലെന്നായിരുന്നു ഇന്നലെ വാട്സാപ്പ് കേന്ദ്രത്തിനു നല്‍കിയ വിശദീകരണം. സ്വകാര്യത ഉറപ്പുവരുത്താനായുള്ള എൻക്രിപ്പ്റ്റഡ് സംവിധാനമാണ് ഇതിനു തടസ്സമായി ചൂണ്ടിക്കാട്ടിയത്. ഉത്തരവാദിത്വം നിറവേറ്റിയേ തീരു എന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് വാട്സാപ്പിനോട് ആവശ്യപ്പെട്ടു. 

ആരുടെയും സ്വകാര്യതയിൽ ഇടപെടണ്ട. എന്നാൽ വ്യാജസന്ദേശങ്ങൾ പ്രചരിച്ചാൽ അത് പൊലീസിനെ അറിയിക്കാൻ സംവിധാനം വേണം. ഒരു പ്രത്യേക സന്ദേശം വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടാൽ നിരീക്ഷിക്കുന്നത് റോക്കറ്റ് സയൻസല്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. 

ഫോർവേഡ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നതിനുള്ള ഫീച്ചറടക്കം നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് കമ്പനി കേന്ദ്രത്തിന് മറുപടി നൽകിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപ്പോകുന്നതായുള്ള വാട്സ് ആപ്പ് സന്ദേശത്തെ തുർന്നുള്ള അക്രമത്തിൽ മഹാരാഷ്ട്രയിൽ ഈ മാസം ഒന്നിന് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ട ആക്രമണം വ്യാജസന്ദേശങ്ങളുടെ പേരിൽ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്രം ക‌‍ർശന നിലപാടെടുക്കുന്നത്.