ദില്ലി: എണ്ണവിലവർദ്ധനവിൽ സർക്കാരിന്റെ ഒളിച്ചുകളി. ആറ് മാസത്തിനിടെ സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 245 രൂപയാണ് കൂട്ടിയത്. 1 കോടി പേർ‍ ഗ്യാസ് സബ്സിഡി വേണ്ടെന്ന് വച്ചപ്പോഴാണ് ഈ നടപടി.

സ്വന്തമായി ബിസിനസ് നടത്തുന്നു ജോലിയുണ്ട്, നിങ്ങൾ സബ്ഡിസി എന്തിന് വാങ്ങുന്നു. ഉപേക്ഷിക്കൂ എന്നാണ് പ്രധാനമന്ത്രി തന്നെ ഇന്ത്യക്കാരോട് പറഞ്ഞത്. ഇത്കേട്ട് 1.05 കോടി പേ‍ർ സബ്സിഡി ഉപേക്ഷിച്ചെന്നാണ് കേന്ദ്രസർക്കാരിന്റ കണക്ക്. എന്നാൽ സർക്കരിന്‍റെ വാക്ക് കേട്ടവർക്ക് ഇപ്പോൾ കൈ പൊള്ളുന്നു. സബ്സിഡി ഇല്ലാത്ത പാകവാതകസിലിണ്ടറിന് ഏറ്റവുമൊടുവിൽ കൂട്ടിയത് 86 രൂപ. ഇതിന് തൊട്ട് മുൻപ് കൂട്ടിയത് 66 രൂപ. ഡിസംബറിൽ 55 രൂപയും ഓക്ടോബറിൽ 37 രൂപയും കൂട്ടിയിരുന്നു.

വാക്ക് വിശ്വാസിച്ചവരെ ശിക്ഷിക്കുന്ന പണിയാണ് കേന്ദ്രസർക്കാരും എണ്ണകമ്പിനികളും നടത്തുന്നത്. ശരാശരി രണ്ട് രൂപ വീതം സബ്സിഡി സിലിണ്ടറിനും മാസാമാസം വർദ്ധിപ്പിക്കുന്നുണ്ട് .ക്രൂഡോയിൽ വില അന്താരാഷ്ട്രവിപണിയിൽ ബാരലിന് 54 ഡോളർ മാത്രമുള്ളപ്പോഴാണ് എണ്ണകമ്പനികൾ തോന്നും പടി വില കൂട്ടുന്നത്.

ഇപ്പോൾ ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 71 രൂപ. 2013ൽ ക്രോഡോയിൽ വില ബാരലിന് 114 ഡോളറായിരുന്നു. അന്ന് 67 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോൾ വില. ആഗോളവിപണിയിൽ എണ്ണവില പകുതിലധികം കുറഞ്ഞിട്ടും ഇവിടെ വില കൂടുന്നതേയുള്ളു.ഡീസലിന് ആറ് മാസം കൊണ്ട് 5 രൂപയാണ് കൂട്ടിയത്.

എന്നാൽ വിമർശകർ രൂപയുടെ മൂല്യമിടഞ്ഞത് കണക്കിലെടുക്കുന്നില്ലെന്നാണ് എണ്ണകമ്പിനികളുടെ പ്രതികരണം. പക്ഷെ മൂല്യമിടിഞ്ഞെങ്കിലും എണ്ണ വിലയിലുണ്ടായ വലിയ ഇടിവ് വില കുറക്കാൻ ഇടം നൽകുമെന്ന കാര്യം കാര്യം കമ്പിനികൾ മനപൂർവ്വം മിണ്ടുന്നില്ല. മാത്രമല്ല കേന്ദ്രം എക്സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങൾ വാറ്റും കുറക്കാൻ തയ്യാറാകുന്നില്ല.

സ്വകാര്യഎണ്ണകമ്പിനികളെ സഹായിക്കാനുള്ള താല്പര്യം കേന്ദ്രത്തിനുണ്ടെന്ന ആക്ഷേപവും ശക്തമാണ്. എണ്ണകമ്പിനികളുടെയും സർക്കാരിന്‍റെ ഒളിച്ചുകളിയിൽ പൊറുതി മുട്ടുന്നത് സാധാരണ ജനമാണ്. തൊട്ടടുത്ത രാജ്യങ്ങൾ വരെ എണ്ണവില ക്രമാതീതമായ കുറയ്ക്കുമ്പോൾ ഇവിടെ മാത്രം 15 ദിവസത്തിലൊരിക്കൽ വില എത്രയാണ് കൂടുന്നതെന്ന് മാത്രമാണ് അന്വേഷണം.