600 കോടിയുടെ ധനസഹായം ആദ്യ ഗഡു മാത്രമെന്ന് കേന്ദ്രം. കേരളം കണക്കു നല്കിയ ശേഷം കൂടുതൽ സഹായം നല്‍കു. 562 കോടി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നേരത്തെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ച സഹായം ഇതിനു പുറമെയെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ദില്ലി: 600 കോടിയുടെ ധനസഹായം ആദ്യ ഗഡു മാത്രമെന്ന് കേന്ദ്രം. കേരളം കണക്കു നല്കിയ ശേഷം കൂടുതൽ സഹായം നല്‍കു. 562 കോടി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നേരത്തെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ച സഹായം ഇതിനു പുറമെയെന്നും കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
കേരളത്തിലെ പ്രളയദുരന്തത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയും 17ന് കേരളം സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ വിലിയിരുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി 40 ഹെലികോപ്റ്ററും 31 വിമാനങ്ങളും അടക്കം 182 കേന്ദ്ര സേനാ ഗ്രൂപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 18 മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടായിരുന്നു. ദുരന്തനിവാരണ സേനയായ എന്‍ഡിആര്‍എഫിന്‍റെ 58 ടീമുകളും സിഎപിഎഫിന്‍റെ ഏഴ് കമ്പനിയും സേവനത്തിനുണ്ടായിരുന്നു. അറുപതിനായിരത്തിലധികം ആളുകളെ ഈ സംഘങ്ങള്‍ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. 1168 മണിക്കൂര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറന്നു. 1286 ടണ്‍ ഭാരമാണ് ഇവ ഉയര്‍ത്തിയത്. ഇതിന്‍റെ ഭാഗമായി നൂറ്കണക്കിന് കോടി രൂപയുടെ ചെലവ് കേന്ദ്രത്തിന് ഉണ്ടായിട്ടുണ്ട്.
നേരത്തെ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലുമായി ഉണ്ടായ നഷ്ടത്തിന്‍റെ മെമ്മോറാണ്ടം സമര്‍പ്പിച്ചതിന്‍റെ ഭാഗമായി ജൂലൈ 21 ന് കേന്ദ്രസംഘത്തെ അയക്കുകയും സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് 600 കോടി അടിയന്തിര സഹായമായി അനുവദിച്ചു. ഇത് നേരത്തെ നല്‍കിയ 562.45 കോടിക്ക് പുറമെയാണ്. ഇതിന് പുറമെ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളിലുള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. നഷ്ടത്തിന്‍റെ കണക്കെടുപ്പും സംസ്ഥാനത്തിന്‍റെ മെമ്മോറാണ്ടവും പരിശോധിച്ച ശേഷം ആവശ്യമായ കൂടുതല്‍ സഹായം നല്‍കുമെന്നും വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് 100 കോടിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന്‍റെ ഭാഗമായി 500 കോടിയുമാണ് കേരളത്തിന് പ്രളയ ദുരന്ത നിവാരണത്തിനായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ 562 കോടി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നേരത്തെ കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ കേരള സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
പ്രളയത്തില്‍ ആകെ 20000 കോടിക്ക് മുകളിലാണ് സംസ്ഥാന പ്രാഥമിക ഘട്ടത്തില്‍ നഷ്ടം കണക്കാക്കുന്നത്. ലക്ഷക്കണിക്കിന് ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. പലര്‍ക്കും ഉപജീവനമാര്‍ഗമില്ല. അതേസമയം തന്നെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുമുണ്ട്. വീടുകളിലേക്ക് തിരകെ പോകാന്‍ ലക്ഷങ്ങള്‍ മുടക്കി ശുചീകരണവും അറ്റകുറ്റപ്പണിയും നടത്തേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. വൈദ്യുത സംവിധാനവും റോഡും ടെലിഫോണുമടക്കമുള്ള സംവിധാനങ്ങളും തകര്‍ന്നടിഞ്ഞ് കിടക്കുകയാണ്. ഇവയ്ക്കെല്ലാം ചേര്‍ത്താണ് കേരളം അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ടിരുന്നത്.
