ശ്രദ്ധേയമായ ഉത്തരവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്ക് നല്‍കേണ്ടെന്ന് തീരുമാനമായി. ഈ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്നും നിര്‍ദേശം

ദില്ലി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്ക് നല്‍കേണ്ടെന്ന് തീരുമാനമായി. ഈ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്നും നിര്‍ദേശം. 

മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ കണക്കും, ഭാഷയും, പരിസ്ഥിതിപഠനവുമായിരിക്കും പാഠ്യവിഷയങ്ങള്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെതാണ് ശ്രദ്ധേയമായ ഉത്തരവ്. 

ഇതോടൊപ്പം തന്നെ ഓരോ ക്ലാസുകളിലെയും ബാഗുകളുടെ ഭാരവും നിജപ്പെടുത്തി. ഒന്നാം ക്ലാസിലെ ബാഗിന്റെ ഭാരം ഇനി പരമാവധി ഒന്നര കിലോഗ്രാമേ പാടുള്ളൂ. മൂന്ന് മുതല്‍ അഞ്ച്- ക്ലാസ് വരെയുള്ളവര്‍ക്കാണെങ്കില്‍ 3 കിലോഗ്രാം വരെയാകാം ബാഗിന്റെ തൂക്കം. ആറ്, ഏഴ് ക്ലാസുകള്‍ക്ക് നാല് കിലോഗ്രാമും, എട്ട്, ഒമ്പത് ക്ലാസുകള്‍ക്ക് നാലരക്കിലോഗ്രാമും, പത്താം ക്ലാസുകാര്‍ക്ക് അഞ്ച് കിലോഗ്രാമുമായിരിക്കും ബാഗിന്റെ പരമാവധി തൂക്കം. 

ബാഗുകളുടെ ഭാരം കൂട്ടുന്ന തരത്തിലുള്ള പഠനോപകരണങ്ങളോ മറ്റ് പുസ്തകങ്ങളോ കുട്ടികളെക്കൊണ്ട് എടുപ്പിക്കരുതെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. രാജ്യത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും ഈ നിബന്ധനകള്‍ പാലിക്കണമെന്നും കേന്ദ്ര മാനവവിഭവമന്ത്രാലയം നിര്‍ദേശിക്കുന്നു.