കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചാല്‍ മതിയോ എന്നാണ് സുപ്രീം കോടതിയോട് കേന്ദ്രം ഇപ്പോള്‍ ചോദിക്കുന്നത്.

ദില്ലി: കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാനുള്ള സുപ്രീം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത തേടി. വിധി നടപ്പാക്കാനുള്ള പദ്ധതി എന്തെന്ന് വ്യക്തത വരുത്തണമെന്നാണ് ആവശ്യം. വിധി നടപ്പാക്കാന്‍ കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അപേക്ഷ.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചാല്‍ മതിയോ എന്നാണ് സുപ്രീം കോടതിയോട് കേന്ദ്രം ഇപ്പോള്‍ ചോദിക്കുന്നത്. വിധി നടപ്പാക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കണമെന്നും ആവശ്യമുണ്ട്. അതേസമയം കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. ഭരണകക്ഷിയായ എ.ഐ.ഡി.എം.കെ അടുത്ത തിങ്കളാഴ്ച നിരാഹാരസമരം പ്രഖ്യാപിച്ചപ്പോള്‍, സമരപരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ഉള്ള ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഞായറാഴ്ച യോഗം ചേരും.