റോഡ്- ഹൈവേ ഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ശബ്ദമലിനീകരണത്തിന് പുറമെ, കേള്‍വിശക്തിക്ക് തകരാര്‍ സംഭവിക്കുന്ന കേസുകളും വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത് 

ദില്ലി: വാഹനങ്ങളില്‍ നിന്നുള്ള ഹോണടികള്‍ ഏറെ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഉച്ചത്തിലുള്ള ഹോണടികള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. ഹോണിന്റെ ശബ്ദം കുറയ്ക്കാനുള്ള നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. 

പരമാവധി ഹോണ്‍ ശബ്ദം 100 ഡെസിബെല്ലിന് താഴെയാക്കാനാണ് ആലോചിക്കുന്നത്. അതായത് നിലവിലുള്ള പരിധിയില്‍ നിന്ന് 10 ശതമാനത്തോളം കുറവ്. നിലവില്‍ 93- 112 ഡെസിബെല്ലാണ് അനുവദനീയമായ പരിധി. ഇതില്‍ കുറഞ്ഞത് 88 ഡെസിബെല്ലും കൂടിയത് 100 ഡെസിബെല്ലും ആക്കാനാണ് തീരുമാനം.

റോഡ്- ഹൈവേ ഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ശബ്ദമലിനീകരണത്തിന് പുറമെ, കേള്‍വിശക്തിക്ക് തകരാര്‍ സംഭവിക്കുന്ന കേസുകളും വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നതെന്ന് വകുപ്പ് ജോയിന്റെ സെക്രട്ടറി അഭയ് ദാംലെ പറഞ്ഞു. ഇതിന് ആവശ്യമായ ചര്‍ച്ചകള്‍ വിവിധ ഓട്ടോമൊബൈല്‍ കമ്പനികളുമായി സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞതായും അഭയ് അറിയിച്ചു. 

അതേസമയം പ്രഷര്‍ ഹോണ്‍, പല ശബ്ദങ്ങളിലുള്ള ഹോണ്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാത്തത് വീണ്ടും പ്രതിസന്ധിയായി തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിയമപരമായ നിയന്ത്രണം ഇതിലും കൃത്യമായി ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.