റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍. റോഹിങ്ക്യകളില്‍ തീവ്രവാദികളുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭകരവാദസംഘടനകള്‍ റോഹിങ്ക്യകളെ ചൂഷണം ചെയ്തേക്കാമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അതിനിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗ്ലാദേശിലെത്തി.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദേശതാത്പര്യം അനുസരിച്ചാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഇതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. റോഹിങ്ക്യകളിലെ തീവ്രവാദികള്‍ ജമ്മുകശ്‍മീരിലും ദില്ലിയിലും ഹൈദരാബാദിലും സജീവമാണ്. ഇന്ത്യന്‍ പൗരന്മാര്‍ ഉപയോഗിക്കേണ്ട പ്രകൃതി വിഭവങ്ങള്‍ അനധികൃത അഭയാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത് മൗലികാവകാശ ലംഘനമാണ്. ഇന്ത്യയിലെ ബുദ്ധമതവിശ്വാസികള്‍ക്കും മ്യാന്‍മറിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും റോഹിങ്ക്യകള്‍ ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം പറയുന്നു. കേസ് തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗ്ലാദേശിലെത്തി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് ബംഗ്ലാദേശിന് വന്‍പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തില്‍ ഭക്ഷണപ്പൊതികളുമായുള്ള വ്യോമസേന വിമാനം ചിറ്റഗോങ്ങിലെത്തിയത്. മനുഷ്യത്വപരമായ നടപടിയാണ് കൊക്കൊള്ളുന്നതെന്നും ബംഗ്ലാദേശ് ഏത് പ്രതിസന്ധി നേരിടുമ്പോഴും ഇത്തരത്തില്‍ സഹായം എത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വംശീയ സംഘട്ടനങ്ങളെ തുടര്‍ന്ന് ഇതിനകം 3,70,000 റോഹിങ്ക്യന്‍ മുസ്ലിം വിഭാഗക്കാരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.