സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനും സിബിഐയും നടപടികള്‍ ആവശ്യപ്പെട്ട ഇരുപതിലധികം കേസുകളില്‍ ഒരു നടപടിയും കൈക്കൊള്ളാതെ സര്‍ക്കാര്‍ വകുപ്പുകള്‍ അലംഭാവം കാണിക്കുകയാണെന്നാണ് വിജിലന്‍സ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പല കേസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ അഴിമതി മറച്ചുവയ്‌ക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ബിഐ,പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ വഴിവിട്ട പല ഇടപാടുകളും നടക്കുന്നുണ്ടെന്നും നടപടി വേണമെന്നും വിജലന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്കുകളെ കുറ്റവിമുക്തരാക്കുകയാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ചെയ്തത്.
റെയില്‍വേ ജീവനക്കാര്‍ അന്യായമായി യാത്രാബത്ത എഴുതിയെടുക്കുന്നെന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്ന് അറിയിക്കുക മാത്രമായിരുന്നു റെയില്‍വേയുടെ നടപടി. ആന്ധ്രാപ്രദേശിലെ ഫാര്‍മസി കോളേജുകളുടെ എണ്ണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അര്‍ഹതയില്ലാത്ത ഫാര്‍മസി കോളേജിന് സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം നല്‍കിയ സംഭവത്തില്‍ സിബിഐ നടപടി ആവശ്യപ്പെട്ടിട്ടും മാനവ വിഭവശേഷി മന്ത്രാലയം നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഇരുപതിലധികം കേസുകളിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍ നടപടിയെടുക്കാതെ അലംഭാവം കാണിച്ചതെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ആരോപണം.
