കശ്‍മിരിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജാക്കറ്റുകളും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അനന്തനാഗില്‍ സൈനിക നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. അതിനിടെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ താരിഖ് അല്‍ ഭട്ടിനെ സൈന്യം വെടിവെച്ചു കൊന്നു.
അനന്ത നാഗില്‍ രാജ്നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ സൈന്യത്തിലേയും സിആര്‍പിഎഫിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ യോഗം ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. ഭീകരരെ നേരിടുന്ന സൈനികരുടെയും പൊലീസുകാരുടേയും സുരക്ഷയായിരുന്നു യോഗത്തിലെ മറ്റൊരു അജണ്ട. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജാക്കറ്റും നല്‍കുമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും രാജ്നാഥ് സിംഗ് ഇന്ന് ചര്‍ച്ച നടത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് രാജ് നാഥ് സിംഗ് കശ്‍മിരിലെത്തിയത്. മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവും കശ്‍മിര്‍ സന്ദര്‍ശിക്കുന്നുണ്ട്. പി ചിദംബരം, ഗുലാംനബി ആസാദ്, അംബികാ സോണി എന്നിവര്‍ സംഘത്തിലുണ്ട്. കശ്മീര്‍ വിഷയം സംബന്ധിച്ച നയരൂപീകരണമാണ് സമിതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംഘം ചര്‍ച്ച നടത്തും. കശ്മീരിലെ വിവിധ ഇടങ്ങളില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപിയാനില്‍ സൈന്യവും പൊലീസും ഭീകരരുമായി നടത്തിയ ഏറ്റമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ താരിഖ് അല്‍ ഭട്ട് കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം പിടികൂടി. അനന്തനാഗിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.
