ദില്ലി: രാജ്യത്ത് കന്നുകാലികളെയും ഒട്ടകങ്ങളെയും അറവുശാലകൾക്ക് വിൽക്കരുതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ഇതിനായി പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാര്‍ഷിക ആവശ്യത്തിന് മാത്രം കന്നുകാലിളെ വിൽക്കാം. റംസാൻ നോമ്പുകാലം നാളെ തുടങ്ങാനിരിക്കെയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിവാദ തീരുമാനം.
കാളകൾ, പശു, പശുകുട്ടികൾ, പോത്ത്, ഓട്ടകം എന്നീ മൃഗങ്ങളെ അറവുശാലകൾക്ക് വിൽക്കുന്നതാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിരോധിച്ചത്. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം അനുസരിച്ച് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് നിരോധനം. നിയമത്തിലെ 37, 38 വകുപ്പുകൾ പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയാൻ കേന്ദ്ര സര്‍ക്കാരിന് ഇടപെടൽ നടത്താമെന്ന് വ്യക്തമാക്കുന്നുണ്ട്.
ആ വകുപ്പുകൾ അനുസരിച്ച് ഇറക്കിയ വിജ്ഞാപനത്തിലെ പുതിയ ചട്ടങ്ങൾ അനുസരിച്ച് അറവുശാലകൾക്കായി കന്നുകാലികളെ വിൽക്കുന്നത് ഇനിമുതൽ കുറ്റകരമാണ്. ഇതോടെ രാജ്യത്തെ അറവുശാലകളിൽ ഭൂരഭാഗവും അടച്ചുപൂട്ടേണ്ടിവരും. സ്തംഭിക്കാൻ പോകുന്നത് ഇന്ത്യയിലെ 60,000 കോടി രൂപയുടെ മാംസ-തോൽ വ്യവസായമാണ്. കന്നുകാലികളെ അറവുശാലകൾക്ക് വിൽകാൻ പാടില്ലെങ്കിലും കാര്‍ഷിക ആവശ്യത്തിന് വിൽക്കുന്നതിന് തടസ്സമില്ല.
എന്നാൽ വിൽപ്പന കാര്‍ഷിക ആവശ്യത്തിനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണം. വിൽക്കുന്ന കന്നുകാലികളുടെ വിവരങ്ങൾ, ഉടമയുടെ പേര്, ആര്‍ക്കാണ് വിൽക്കുന്നത് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. വില്പന കരാറിന്‍റെ അഞ്ച് പകര്‍പ്പ് ഉണ്ടാക്കണം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും സമിതികളുടെയും അംഗീകാരം വാങ്ങണം. മൃഗങ്ങളെ വാങ്ങുന്നവര്‍ക്ക് അവയെ അടുത്ത ആറുമാസത്തേക്ക് വിൽക്കാനാകില്ല. മൃഗസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് മൃഗങ്ങളെ വിൽക്കാനോ, കൊണ്ടുപോകാനോ പാടില്ല.
ആറുമാസത്തിൽ കുറവ് പ്രായമുള്ള കന്നുകാലികളെ വിപണന കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാൻ പാടില്ല. സംസ്ഥാന അതിര്‍ത്തിയുടെ 25 കിലോമീറ്റര്‍ പരിധിയിലും രാജ്യാന്തര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കാലിചന്തകൾ പ്രവര്‍ത്തിക്കാൻ പാടില്ല. മതാചരങ്ങൾക്കായി മൃഗങ്ങളെ ബലിനൽകരുത്. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടര്‍ ചെയര്‍മാനായി എല്ലാ ജില്ലകളിലും നിരീക്ഷണ സമിതികൾ രൂപീകരിക്കണമെന്നും വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിര്‍ദ്ദേശിക്കുന്നു.
