പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ നിലവിലെ മാര്‍ഗരേഖകളനുസരിച്ച് പരവൂര്‍ അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ രിജിജു അറിയിച്ചു. അതേസമയം വലിയ ദുരന്തങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് ധനസഹായം നല്‍കുന്നതിന് വ്യവസ്ഥയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഈ ധനസഹായം സംസ്ഥാനത്തിന് അനുവദിക്കുക. സംസ്ഥാന ദുരിതാശ്വാസ നിധിയിലെ കേന്ദ്ര വിഹിതമായ 69 കോടി 37 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം മെയ് ഇരുപത്തിയേഴിനും ഈ വര്‍ഷം മാര്‍ച്ച് മുപ്പതിനുമായി കേരളത്തിന് നല്‍കിയതാണെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതമായി 138 കോടി 75 ലക്ഷം രൂപയാണ് കേരളത്തിന് നല്‍കിയതെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കിരണ്‍ രിജിജു മന്ത്രി വ്യക്തമാക്കി. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ 117 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം വേണമെന്നുള്ള റിപ്പോര്‍ട്ടും സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വിശ്വാസ് മേത്ത ആഭ്യന്തരമന്ത്രാലയത്തിലെ ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബി.കെ പ്രസാദിന് കഴിഞ്ഞ മാസം പത്തൊമ്പതിന് സമര്‍പ്പിച്ചിരുന്നു.