ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുന്നത്. അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്.
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയപ്പ ഭക്തർക്ക് സന്തോഷ വാർത്തയുമായി കെ.എസ്.ആർ.ടി.സി. മകരവിളക്ക് ദർശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തർക്കായി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ അറിയിച്ചു. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുന്നത്.
പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ്, പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 204 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 248 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 548 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്. ഇന്ന് മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മകരവിളക്ക് മഹോത്സവത്തിനായി ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർത്ഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു.
പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്ന് മലകയറ്റത്തിന് നിയന്ത്രണം കൂട്ടിയിട്ടുണ്ട്. രാവിലെ 11 മുതൽ പമ്പയിൽനിന്ന് മലകയറ്റത്തിന് അനുമതിയില്ല. രാവിലെ പത്തുമുതൽ നിലയ്ക്കൽ-പമ്പ ഗതാഗതവും ഉണ്ടായിരിക്കില്ല.


