ദില്ലി: കേരളത്തില്‍നിന്ന് യുവാക്കള്‍ നാടുവിടുന്നസംഭവം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച് വരുകയാണെന്ന് കേന്ദ്രന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. സംഭവം ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് നിന്ന് നിരവധി പേര്‍ നാടുവിട്ടു എന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവതരവും ഞെട്ടിക്കുന്നതുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ഇതു വളരെ ഗൗരവതരമാണെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കമാല്‍ ഫറുഖി വ്യക്തമാക്കി. മുമ്പ് ബംഗ്‌ളാദേശിലും ഇതു പോലെ യുവാക്കളെ കാണാതായി. പിന്നീട് അവര്‍ ഭികരസംഘടനകളില്‍ ചേര്‍ന്നെന്ന് വ്യക്തമായി. ഇത് കേരളത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളില്‍ എത്തരുതെന്നും മാധ്യമവിചാരണ പാടില്ലെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടു.
ഇതിനിടെ ഐ എസ് ബന്ധം ആരോപിച്ച് 24 പേര്‍ക്കെതിരെ എന്‍ഐഎ ഉടന്‍ കുറ്റപത്രം നല്‍കും. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിലാണ് 24 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ദില്ലി മുംബൈ ഉത്തര്‍പ്രദേശ് റൂര്‍ക്കി ഹൈദ്രാബാദ് ബംഗലൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ 25ഓളം പേരെ ഐ എസ് റിക്രൂട്ട് ചെയ്തുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
