ദില്ലി: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയേക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പോത്തുകളെയും എരുമയെയും വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. അതിനിടെ വിജ്ഞാപനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടു. 

നിയന്ത്രണം സംസ്ഥാനത്തിന്‍റെ അധികാര പരിധിയില്‍ വരുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമം പാസാക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം ഭക്ഷണ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. വിശദമായ വാദത്തിന് ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. കേന്ദ്ര വിജ്ഞാപനം മറികടക്കാന്‍ കൂട്ടായ തീരുമാനത്തിന് തയ്യാറെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നിയമ നിര്‍മ്മാണമടക്കം സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.